ഗാസ ആശുപത്രി മേധാവിയെ ഇസ്രയേൽ വധിച്ചു
Friday, July 4, 2025 2:39 AM IST
കയ്റോ: ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയുടെ ഡയറക്ടർ ഡോ. മർവാൻ സുൽത്താൻ ഇസ്രേലി മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ വസതിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
അതേസമയം, ഗാസാ സിറ്റിയിലെ ഹമാസ് ഭീകരകേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഭീകരപ്രസ്ഥാനവുമായി ബന്ധമില്ലാത്തവർ കൊല്ലപ്പെട്ടുവെങ്കിൽ ഖേദിക്കുന്നുവെന്നും ഇസ്രേലി സേന പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ഡോ. മർവാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അദ്ദേഹത്തിന്റെ മകൾ ലുബ്ന അൽ സുൽത്താൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മുറിയിൽ കൃത്യമായി മിസൈൽ പതിക്കുകയായിരുന്നുവെന്നും മകൾ കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യൻ സർക്കാരിന്റെ സാന്പത്തികസഹായത്തിൽ വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ പണികഴിപ്പിച്ച ഇന്തോനേഷ്യൻ ആശുപത്രി ഇസ്രേലി ആക്രമണത്തിൽ നശിച്ചതുമൂലം പ്രവർത്തനരഹിതമാണ്. ഗാസയിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന ഒറ്റ ആശുപത്രിയുമില്ലെന്നാണ് യുഎൻ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ, ഇസ്രേലി സേന കഴിഞ്ഞദിവസം രാത്രി മുതൽ ഗാസയിൽ നടത്തുന്നആക്രമണങ്ങളിൽ 94 പലസ്തീനികൾ കൊല്ലപ്പെട്ടു.