സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ
Thursday, June 5, 2025 2:32 AM IST
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണം രാജ്യത്തെ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ ഇന്ത്യ ഉപയോഗിക്കുകയാണെന്ന പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രസ്താവനയെ മാധ്യമപ്രവർത്തകൻ പൊതുവേദിയിൽ ചോദ്യം ചെയ്തു.
ഇന്ത്യയുമായുണ്ടായ സംഘർഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള പാക് സംഘത്തെ ബിലാവലാണ് നയിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകമാധ്യമങ്ങളെ അറിയിച്ച സംഘത്തിൽ ഇന്ത്യൻ മുസ്ലിമായ സൈനിക ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ലേ എന്നായിരുന്നു ചോദ്യോത്തര വേളയിൽ ഈജിപ്ഷ്യൻ-അമേരിക്കൻ മാധ്യമപ്രവർത്തകനായ അഹമ്മദ് ഫാത്തിയുടെ ചോദ്യം.
അമേരിക്കൻ ടെലിവിഷൻ ന്യൂസിന്റെ യുഎൻ കറസ്പോണ്ടന്റ് ആണ് ഫാത്തി. എന്നാൽ, രണ്ടാമത്തെ ചോദ്യം ചോദിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ബിലാവൽ തടസപ്പെടുത്തുകയും ഇന്ത്യക്ക് നേരേയുള്ള വിമർശനങ്ങൾ തുടരുകയുമാണുണ്ടായത്.