മന്ത്രി അകത്തായാൽ പുറത്താക്കാൻ നിയമം; ബിൽ ജെപിസിക്ക്
Thursday, August 21, 2025 2:03 AM IST
സനു സിറിയക്
ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ അതത് സ്ഥാനങ്ങളിൽനിന്നു നീക്കംചെയ്യുന്നതിനുള്ള മൂന്ന് ബില്ലുകൾ പാർലമെന്റിലെ നാടകീയ പ്രതിഷേധങ്ങൾക്കൊടുവിൽ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടു.
കൂടുതൽ പരിശോധനയ്ക്കായി ബിൽ ജെപിസിക്കു വിടാനുള്ള പ്രമേയം ശബ്ദവോട്ടിലൂടെയാണു ലോക്സഭ പാസാക്കിയത്.
ബിൽ കീറിയെറിഞ്ഞുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട ഭേദഗതി, ജമ്മു കാഷ്മീർ പുനഃസംഘടനാ ഭേദഗതി എന്നീ ബില്ലുകൾ അവതരിപ്പിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾക്കു ലോക്സഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിലേക്കു വരെ കാര്യങ്ങളെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ ലഭ്യമായത്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്ന പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ബില്ലിലൂടെ ലഭിക്കും.
രാജ്യസഭയിൽനിന്നു പത്തും ലോക്സഭയിൽനിന്ന് 21ഉം അംഗങ്ങളെയാണ് സംയുക്ത പാർലമെന്ററി സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയുടെ അവസാനദിവസം സമിതി റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിക്കണം. നവംബർ മൂന്നാംവാരം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കും.
ബില്ലിലെ വ്യവസ്ഥകൾ ഇങ്ങനെ...
☛ അഞ്ചു വർഷമെങ്കിലും തടവുശിക്ഷ ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ അറസ്റ്റ് ചെയ്തു 30 ദിവസത്തേക്ക് കസ്റ്റഡിയിൽ പാർപ്പിച്ചാൽ അവരുടെ സ്ഥാനം നഷ്ടമാകും .
☛ 30 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ സ്വയം രാജി വച്ചില്ലെങ്കിൽ 31-ാം ദിവസം മുതൽ പദവി താനെ നഷ്ടപ്പെടും.
☛ കേന്ദ്രമന്ത്രിമാരുടെയോ സംസ്ഥാന മന്ത്രിമാരുടെയോ കാര്യത്തിലേക്കു വന്നാൽ അറസ്റ്റ് ചെയ്തു 31-ാം ദിവസം കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശിപാർശ ചെയ്യണം.
☛ ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം മുതൽ സ്ഥാനം താനേ നഷ്ടമാകും.
ബില്ല് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ളത്
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തേത്തന്നെയുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ, അവർ രാജി വയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ.
അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏതു ഭരണഘടനാ ധാർമികതയുടെ പേരിലാണെന്നു കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
-മുഖ്യമന്ത്രി പിണറായി വിജയൻ