ഉപരാഷ്ട്രപതി: സി.പി. രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു
Thursday, August 21, 2025 2:03 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെഡി-യു നേതാവ് രാജീവ് രഞ്ജൻ സിംഗ് എന്നിവരെയാണു രാധാകൃഷ്ണന്റെ മുഖ്യ നിർദേശകരായി നാമനിർദേശ പത്രികകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും സാന്നിധ്യത്തിൽ നാലു സെറ്റ് നാമനിർദേശ പത്രികകളാണു രാധാകൃഷ്ണൻ രാജ്യസഭ ജനറൽ സെക്രട്ടറി പി.സി. മോദിക്കു കൈമാറിയത്.
സെപ്റ്റംബർ ഒന്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ പ്രതിപക്ഷ ഇന്ത്യ സഖ്യം സ്ഥാനാർഥിയായ മുൻ സുപ്രീംകോടതി ജഡ്ജി ബി. സുദർശൻ റെഡ്ഢിയോടാണു മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്ന് സുദർശൻ റെഡ്ഢി പത്രിക സമർപ്പിക്കും.