വിസി നിയമനം: ജസ്റ്റീസ് സുധാൻശു ധൂലിയ സെർച്ച് കമ്മിറ്റി അധ്യക്ഷൻ
Tuesday, August 19, 2025 2:57 AM IST
ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനായി വിരമിച്ച സുപ്രീംകോടതി ജസ്റ്റീസ് സുധാൻശു ധൂലിയയെ നിയമിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.
ഗവർണറും സംസ്ഥാന സർക്കാരും സമർപ്പിച്ച പട്ടികയിൽനിന്നു കമ്മിറ്റിയിലേക്ക് രണ്ടുപേരെ വീതം അധ്യക്ഷന് തീരുമാനിക്കാം. രണ്ട് സർവകലാശാലകൾക്കും വേണ്ടി പ്രത്യേക സെർച്ച് കമ്മിറ്റി വേണമോ എന്നത് ചെയർപേഴ്സന്റെ വിവേചനാധികാരത്തിൽപ്പെട്ടതാണ്.
രണ്ടാഴ്ചയ്ക്കകം കമ്മിറ്റികൾ രൂപീകരിക്കണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഒരു സിറ്റിംഗിന് മൂന്ന് ലക്ഷം രൂപയാണ് അധ്യക്ഷന്റെ പ്രതിഫലം.
വിസി നിയമനത്തിനായി സംസ്ഥാന സർക്കാർ യോഗ്യതകൾ ഉൾപ്പെടുത്തിയ പത്രപരസ്യം നൽകണം. അത് പരിശോധിച്ച് വിസി നിയമനത്തിനുള്ള നടപടി സെർച്ച് കമ്മിറ്റി ചെയ്യണം. തുടർന്ന് വിസി സ്ഥാനത്തേക്ക് മൂന്ന് പേരുൾപ്പെടുന്ന പാനലിനെ നിർദേശിക്കാം. ഈ പാനലിൽനിന്ന് മുൻഗണനാ ക്രമത്തിൽ സംസ്ഥാന മുഖ്യമന്ത്രി നിർദേശിക്കുന്ന പേരുകൂടി കണക്കിലെടുത്ത് വൈസ് ചാൻസലറെ ഗവർണർക്ക് നിയമിക്കാം.
പേരുകളുടെ കാര്യത്തിൽ രമ്യതയിലെത്തിയില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇരുകൂട്ടരും സമവായത്തിലെത്താത്ത സാഹചര്യത്തിലായിരുന്നു കോടതി നടപടി.