ഗർഭഛിദ്രം തടയാൻ നിയമം വേണം; പ്രാർഥനായജ്ഞം നടത്തി ക്രിസ്ത്യൻ മൂവ്മെന്റ്
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: രാജ്യത്തു ഗർഭഛിദ്രം പെരുകുന്നതിനെതിരേ കർശന നിയമം നടപ്പാക്കാൻ ഭരണകൂടത്തിന്റെയും രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിക്കുന്നതിനും ഇക്കാര്യത്തിൽ ജനമനഃസാക്ഷിയുണർത്തുന്നതിനും ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രാർഥനായജ്ഞം നടത്തി. ഫാ. ജോണ്സണ് കിഴക്കേവീട്ടിൽ നേതൃത്വം നൽകി.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് കാരണം രാജ്യത്ത് എല്ലാ വർഷവും കോടിക്കണക്കിനു ഗർഭസ്ഥശിശുക്കൾ കൊല്ലപ്പെടുന്നുവെന്നും അതിനാൽ വിഷയത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി അന്നപൂർണ ദേവിക്ക് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രോ-ലൈഫ് വിഭാഗം ഭാരവാഹികളായ സണ്ണി സെബാസ്റ്റ്യൻ, ജോസ് ജോസഫ്, ജോംസി തോമസ് എന്നിവർ നിവേദനം നൽകി.
ചൈന, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ജനനനിരക്ക് ഉയർത്താൻ ഇപ്പോൾ ആളുകൾക്ക് പണം നൽകുന്നു. ഏതൊരു രാജ്യത്തിന്റെയും സന്പദ്വ്യവസ്ഥയുടെ അടിത്തറയാണ് യുവതലമുറ.
ഇന്ത്യയിൽ ഗർഭധാരണവും പ്രസവ നിരക്കും കുറയാൻ സ്വവർഗബന്ധങ്ങളുടെ ഉയർച്ചയും ഇടയാക്കുന്നു. പുതിയ തലമുറകൾ ഇല്ലെങ്കിൽ സമൂഹം തകരുമെന്ന വസ്തുത സർക്കാർ തിരിച്ചറിയണമെന്നും നിവേദനത്തിൽ വ്യക്തമാക്കി.