ഓണ്‍ലൈൻ മണി ഗെയിം നിയന്ത്രണ ബില്ല് പാസാക്കി
Thursday, August 21, 2025 2:03 AM IST
ന്യൂഡൽഹി: പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനും നിശ്ചിത ഫെഡറേഷൻ കീഴിലുള്ള ഇ-സ്പോർട്സ് ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ് ബില്ല്-2025 ചർച്ചയില്ലാതെ ലോക്സഭ പാസാക്കി.
ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ ഇന്നലെ ബില്ല് അവതരിപ്പിച്ചത്. ആദ്യം പണം നിക്ഷേപിച്ചു കൂടുതൽ പണം തിരികെ ലഭിക്കുന്ന തരത്തിലുള്ള ഗെയിമുകളെയാണ് ഓണ്‍ലൈൻ മണി ഗെയിമുകളുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്.
ഇത്തരം പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് ചെയർപേഴ്സണും അംഗങ്ങളും ഉൾപ്പെടുന്ന അഥോറിറ്റി രൂപീകരിക്കും. പണം ഉൾപ്പെട്ട ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികളിൽ ഈ അഥോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധിച്ചു നടപടി സ്വീകരിക്കും.
ബില്ല് നിയമമാകുന്നതോടെ ഏതെങ്കിലും മാധ്യമത്തിലൂടെ ഓണ്‍ലൈൻ മണി ഗെയിമുകൾ പ്രചരിപ്പിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ സാധിക്കില്ല. കൂടാതെ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാട് സേവനം നൽകാനുള്ള അനുമതി ലഭിക്കില്ല. മണി ഗെയിമുകൾ പ്രചരിപ്പിച്ചാൽ മൂന്നു വർഷം തടവോ ഒരു കോടി രൂപയോ പിഴ ലഭിക്കും. അല്ലെങ്കിൽ രണ്ടും ഒരുമിച്ച് അനുഭവിക്കേണ്ടിവരും.
ഇത്തരം ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാൽ രണ്ടു വർഷം തടവും 50 ലക്ഷം പിഴയും ശിക്ഷയായി ലഭിക്കും. പണമിടപാട് സേവനം നൽകുന്ന സ്ഥാപനങ്ങൾക്ക് മൂന്നു വർഷം തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.
പണം നിക്ഷേപിച്ചുകൊണ്ടുള്ള ഓണ്‍ലൈൻ ഗെയിമുകൾക്ക് കടുത്ത നിയന്ത്രണവും പിഴയും ഏർപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും ആസക്തിയും കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇത്തരം ഗെയിമുകൾ കുട്ടികളുടെയും യുവാക്കളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നതായും വിവിധ പഠനങ്ങളെ മുൻനിർത്തി കേന്ദ്ര സർക്കാർ ബില്ലിൽ വ്യക്തമാക്കി.