ബില്ലുകൾക്കുമേലുള്ള ഗവർണറുടെ അധികാരം ; നിയമസഭകളെ ഗവർണറുടെ അധികാരത്തിന് വിട്ടുകൊടുക്കുകയല്ലേയെന്ന് സുപ്രീംകോടതി
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് സാധിക്കുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളെ ഗവർണറുടെ അധികാരത്തിന് വിട്ടുകൊടുക്കുകയല്ലേയെന്നു സുപ്രീംകോടതി.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം നിയമസഭ പാസാക്കിയ ഒരു ബില്ലിൽ അനുമതി തടയാൻ ഗവർണർക്കു സാധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞപ്പോഴായിരുന്നു ഭരണഘടനാബെഞ്ചിന്റെ നിരീക്ഷണം.
രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധിയുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രപതി മുന്നോട്ടുവച്ച 14 പരാമർശങ്ങളാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്. ഇന്നലെ കേന്ദ്രസർക്കാരിന്റെ വാദമാണ് കോടതിയിൽ നടന്നത്. രാഷ്ട്രപതി പരാമർശത്തെ എതിർത്തു കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം ചൊവ്വാഴ്ച നടന്നിരുന്നു.
കേന്ദ്രസർക്കാരിനുവേണ്ടി ഇന്നലെ വാദം ആരംഭിച്ച തുഷാർ മേത്ത ഗവർണർമാരുടെ ഭരണഘടനാ പ്രാധാന്യത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഭരണഘടനാനിർമാതാക്കളുടെ കാഴ്ചപ്പാട് ഗവർണർമാർ പാലിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ഗവർണർമാർ തങ്ങളുടെ വിവേചനാധികാരം ഏതു തരത്തിൽ ഉപയോഗിച്ചുവെന്നതിനെപ്പറ്റി അനുഭവമുണ്ടെന്നും ഇതു നിരവധി കേസുകളിലേക്കു നയിച്ചതായും ചീഫ് ജസ്റ്റീസ് ഗവായ് ചൂണ്ടിക്കാട്ടി. എന്നാൽ മോശം ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളെ നിർവചിക്കാനാകില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഒരു ബില്ലിൽ ഏതു സാഹചര്യത്തിലായാലും ഗവർണർ കൈക്കൊണ്ട തീരുമാനം അറിയിക്കണം. കാരണങ്ങളില്ലാതെ സമ്മതം നിഷേധിക്കരുതെന്നും കോടതി അഭിപ്രയപ്പെട്ടു. ബില്ലിൽ ഗവർണർക്കെടുക്കാവുന്ന നാല് തീരുമാനങ്ങളെപ്പറ്റി സോളിസിറ്റർ ജനറൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
ഗവർണർ ഒരു ബില്ലിൽ അനുമതി നിഷേധിച്ചാൽ ആരുടെയെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കുന്നതോ ഗവർണറുടെ അഭിപ്രായത്തിൽ അഭികാമ്യമല്ലാത്തതോ ആയ വ്യവസ്ഥകൾ ബില്ലിൽ ഉണ്ടായതുകൊണ്ടാകാമെന്നും കേന്ദ്രം പറഞ്ഞു. വിഷയത്തിൽ ഇന്നും വാദം തുടരും.