ഒന്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി
Thursday, August 21, 2025 2:02 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിലെ സ്വകാര്യ സ്കൂളിൽ പത്താംക്ലാസുകാരനെ ഒൻപതാം ക്ലാസുകാരൻ കുത്തിക്കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് നാട്ടുകാർ സ്കൂൾ അടിച്ചുതകർത്തു.
പ്രതിയായ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച അഹമ്മദാബാദിലെ സെവൻത് ഡേ സ്കൂളിലായിരുന്നു സംഭവം.
വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി ചൊവ്വാഴ്ച രാത്രി മരണത്തിനു കീഴടങ്ങി. ഇന്നലെ രാവിലെ സംഭവത്തിൽ നടപടിവേണമെന്നാവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളും സിന്ധി സമൂഹത്തിലെ ആളുകളും സ്കൂളിലെത്തി പ്രതിഷേധിച്ചു.
പ്രതിഷേധക്കാർ സ്കൂളിലെ ബസുകളും ബൈക്കുകളും കാറുകളും കത്തിച്ചു. ജീവനക്കാർക്കു നേരേയും ആക്രമണമുണ്ടായി.