പാലിയേക്കര ടോൾ പിരിവ്; എൻഎച്ച്എഐക്ക് തിരിച്ചടി
Wednesday, August 20, 2025 2:24 AM IST
ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി.
സാധാരണക്കാരൻ നികുതിയടച്ച റോഡിൽ കാര്യക്ഷമത ഇല്ലായ്മയുടെ പ്രതീകങ്ങളായ കുണ്ടിലും കുഴിയിലും വീഴുന്നതിന് ടോൾപോലെ കൂടുതൽ പണം നൽകേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ. വിനോദ് ചന്ദ്രൻ ,എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ദേശീയപാതാ അഥോറിറ്റിയുടെ (എൻഎച്ച്എഐ) ഹർജി തള്ളിയത്. അറ്റകുറ്റപ്പണികൾ സുഗമമായി നടക്കുന്നുണ്ടോയെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിർദേശിച്ച നാലാഴ്ചയ്ക്ക് മുന്പുതന്നെ ഗതാഗതം സുഗമമായി പുനരാരംഭിച്ചാൽ ടോൾ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദേശീയപാതാ അഥോറിറ്റിക്കോ കരാറുകാർക്കോ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ടോൾ തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു എൻഎച്ച്എഐയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ മോശമായ റോഡിലെ ടോൾ പിരിവിനെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഹർജിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്ത് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചതോടെയാണു ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇരുകൂട്ടരുടെയും വാദം കേട്ടത്. വാദത്തിനിടയിൽ ദേശീയപാതാ അഥോറിറ്റിക്കു സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനവുമുണ്ടായി.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതാ അഥോറിറ്റി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്തരുതെന്നായിരുന്നു ഹർജിക്കാരായ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
മൂന്നാഴ്ചയ്ക്കുള്ളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണം പൂർത്തിയാക്കാമെന്ന് ദേശീയ പാതാ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു.