ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ് ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
Sunday, June 1, 2025 2:34 AM IST
ഗുരുഗ്രാം: സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുംവിധം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് ഇൻഫ്ലുവൻസർ അറസ്റ്റിലായി.
കോൽക്കത്ത സ്വദേശിനി ഷർമിഷ്ഠ പനോളിയെയാണ് കോടതി ഉത്തരവിനു പിന്നാലെ ഗുരുഗ്രാമിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ ജൂൺ 13 വരെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾക്കു മിണ്ടാട്ടമില്ല എന്ന രീതിയിൽ താരങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ഇൻസ്റ്റഗ്രാമിൽ പനോളി പോസ്റ്റിട്ടത്. ഇതിനെതിരേ വ്യാപക രോഷമാണ് സോഷ്യൽമീഡിയയിൽനിന്ന് ഉയർന്നത്.
ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് മാപ്പുപറയുകയും ചെയ്തു. ഇതിനിടെയാണ് കോൽക്കത്തയിൽ പനോളിക്കെതിരേ കേസ് ഫയൽ ചെയ്തത്. പല തവണ ചോദ്യം ചെയ്യാനായി പോലീസ് പനോളിക്കു നോട്ടീസ് അയച്ചെങ്കിലും കുടുംബാംഗങ്ങളുമൊത്ത് മുങ്ങി നടക്കുകയായിരുന്നു.