തെറ്റല്ലെങ്കിൽ മാപ്പുമില്ല: കമൽഹാസൻ
Saturday, May 31, 2025 2:29 AM IST
ചെന്നൈ: ഭാഷാതർക്കത്തിൽ മാപ്പ് പറയാനില്ലെന്ന് നടൻ കമൽഹാസൻ. എന്നാൽ കന്നഡയോടുള്ള തന്റെ സ്നേഹം സത്യമാണെന്നും അദ്ദേഹം പറഞ്ഞു. തഗ് ലൈഫ് സിനിമയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തെയും കമൽഹാസൻ തള്ളി.
ബഹിഷ്കരണ ഭീഷണി പുതിയ കാര്യമല്ലെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഉലകനായകൻ പറഞ്ഞു. ""ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്നേഹം എപ്പോഴും വിജയിക്കുമെന്നാണ് വിശ്വാസം.
കർണാടക, ആന്ധ്ര, കേരളം എന്നിവയോടുള്ള എന്റെ സ്നേഹം സത്യമാണ്. ഏതെങ്കിലും അജൻഡയുള്ളവർ ഒഴികെ ആരും അതിനെ സംശയിക്കില്ല. എനിക്ക് മുമ്പ് ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ തെറ്റുകാരനാണെങ്കിൽ ക്ഷമ ചോദിക്കും. തെറ്റുകാരനല്ലെങ്കിൽ അങ്ങനെ ചെയ്യില്ല’’- ഡിഎംകെ ആസ്ഥാനത്തിനു പുറത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനായ കമൽഹാസൻ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ സന്ദർശിക്കാനെത്തിയതായിരുന്നു.
"തഗ് ലൈഫ്’സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ കന്നഡ ഭാഷ തമിഴിൽനിന്നാണു ജനിച്ചതെന്ന കമൽഹാസന്റെ പ്രസ്താവനയാണു വിവാദമായത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ‘തഗ് ലൈഫ്’കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) ഭീഷണി മുഴക്കിയിരുന്നു.