ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം പ്രധാൻ, ചൗഹാൻ, ഖട്ടർ, യാദവ് മുന്നിൽ
Wednesday, July 2, 2025 1:00 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ജെ.പി. നഡ്ഡയുടെ പിൻഗാമിയായി പരിഗണിക്കുന്നവരിൽ മുതിർന്ന കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദ്ര യാദവ് എന്നിവർക്കു മുൻഗണന.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്വാൾ, ജി. കിഷൻ റെഡ്ഡി തുടങ്ങിയ പേരുകളും ആലോചനയിലുണ്ടെന്ന് ഉന്നത ബിജെപി നേതാവ് ദീപികയോടു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി കൂടിയായ നഡ്ഡയുമായി ചർച്ച നടത്തിയാകും അന്തിമ തീരുമാനം.
മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ ദേശീയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിനു കളമൊരുങ്ങും. നാലു സംസ്ഥാനങ്ങളിലും ഒാ രോരുത്തർ മാത്രമാണു പത്രിക നൽകിയത്. അതിനാൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണു പ്രതീക്ഷിക്കുക.
പുതുച്ചേരി, മിസോറാം സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു. 16 സംസ്ഥാനങ്ങളിൽ ബിജെപി പുതിയ സംസ്ഥാന മേധാവികളെ തിങ്കളാഴ്ചവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ബിജെപി ഭരണഘടനയനുസരിച്ച് പുതിയ ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിനു മുന്പ് അതിന്റെ 37 സംഘടനാ സംസ്ഥാനങ്ങളിൽ കുറഞ്ഞത് 19 എണ്ണത്തിലെങ്കിലും പ്രസിഡന്റുമാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതനുസരിച്ച്, പുതിയ ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പു പ്രക്രിയ ഈയാഴ്ച തുടങ്ങാനാകും.
2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായി തുടരുന്ന നഡ്ഡയ്ക്കു പകരക്കാരനെ കണ്ടെത്താനും തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാനും ഒരു വർഷത്തിലേറെയായി നടക്കുന്ന ശ്രമങ്ങളാണു വൈകാതെ സഫലീകരിക്കുക. ഇതിനു മുന്നോടിയായാണു രണ്ടു പ്രധാന വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി നഡ്ഡയെ കഴിഞ്ഞവർഷം മോദി നിയമിച്ചത്. വിവാദങ്ങളും ഗ്രൂപ്പുകളികളുമില്ലാതെ അഞ്ചുവർഷം തുടർച്ചയായി ബിജെപിയെ നയിച്ച നഡ്ഡയ്ക്കു മോദി, ഷാ എന്നിവരുമായും ആർഎസ്എസ് നേതൃത്വവുമായും നല്ല ബന്ധമുണ്ട്.
എന്നാൽ, പകരക്കാരനെ കണ്ടെത്തുന്നതുമുതൽ നിയമസഭാ തെരഞ്ഞെടുപ്പുകൾവരെ പല കാരണങ്ങൾകൊണ്ട് ദേശീയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പു നീണ്ടു. നിലവിൽ പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പു ഏതാനും പേരുകളിലേക്കു ചുരുങ്ങിയിട്ടുണ്ട്. പ്രധാനികൾക്കു പുറമെ ആന്ധ്രപ്രദേശിലെ സംസ്ഥാന അധ്യക്ഷ ഡി. പുരന്ദരേശ്വരി, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിഹാറിൽ നിന്നു ഡോ. ദിലീപ് ജയ്സ്വാൾ എന്നിവരും തരുണ് സിംഗ്, സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, വനതി ശ്രീനിവാസൻ തുടങ്ങിയ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒഡീഷയിൽനിന്നുള്ള പ്രധാന പിന്നാക്ക (ഒബിസി) നേതാവും സംഘടനാ വൈദഗ്ധ്യത്തിനും കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പത്തിനും പേരുകേട്ടയാളുമാണു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ പാർട്ടിയുടെ അടിസ്ഥാനതലത്തിൽ അനുഭവപരിചയമുള്ള ബഹുജന നേതാവായാണു കണക്കാക്കപ്പെടുന്നത്.
കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറിനും പൊതുസ്വീകാര്യതയുണ്ട്. നിതിൻ ഗഡ്കരി ബിജെപി പ്രസിഡന്റായിരിക്കുന്പോൾ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള പിന്നാക്ക നേതാവാണ് ഭൂപന്ദ്രേ യാദവ്. നാലു പേരും ആർഎസ്എസുമായി നല്ല ബന്ധമുള്ളവരാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽകൂടി ഗുണം ചെയ്തേക്കുമെന്നതിനാൽ പിന്നാക്കവിഭാഗത്തിൽനിന്നു പുതിയ ബിജെപി അധ്യക്ഷനെ കണ്ടെത്തണമെന്നതിൽ ഏകദേശ ധാരണയുണ്ട്.
ജാതി സന്തുലിതാവസ്ഥ നിലനിർത്തിയാണു പ്രധാന സംസ്ഥാനങ്ങളിൽ പുതിയ പ്രസിഡന്റുമാരെ നിയോഗിച്ചത്. സവർണ, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യവും ആർഎസ്എസ് ബന്ധവും പൊതുസ്വീകാര്യതയും പരിഗണിച്ചാണു വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ അഴിച്ചുപണി നടത്തുന്നത്.