അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
Saturday, October 12, 2024 1:48 AM IST
ബംഗളൂരു: അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമയടക്കം അഞ്ചുപേരെ ബംഗളൂരു ഹളസൂര്‍ ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ചെര്‍ക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസര്‍ഗോഡ് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്സല് (34), പുതുച്ചേരി സ്വദേശികളായ നൂറുദ്ദീന്‍ എന്ന അന്‍വര്‍ (34), പ്രസീദ് (34), ബംഗളൂരു സിരിഗരെയിലെ അഫ്സല് ഹുസൈന് (29) എന്നിവരാണ് അറസ്റ്റിലായത്. അഫ്സല് ഹുസൈന് ആണ് ആദ്യം അറസ്റ്റിലായത്. 25 ലക്ഷം രൂപയുമായാണ് അഫ്സല് ബാങ്കിലെത്തിയത്.
2000 രൂപയുടെ ഒരു നോട്ടു നല്കിയാല് 500 രൂപയുടെ ഒറിജിനല്‍ നോട്ട് ബാങ്കില്‍നിന്നു ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ ബാങ്കില്‍ എത്തിയത്. നോട്ടു പരിശോധിച്ചപ്പോള്‍ നിരോധിത 2000 രൂപയുടെ കള്ളനോട്ടാണെന്നു ബാങ്ക് അധികൃതര്‍ക്കു മനസിലായി.
തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബംഗളൂരു അസി. ജനറല്‍ മാനേജര്‍ നല്കിയ പരാതിയില്‍ അഫ്സലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്.
തുടര്‍ന്ന് പോലീസ് സംഘം ചെര്‍ക്കളയിലും കാസര്‍ഗോട്ടും എത്തിയാണ് മറ്റു നാലു പേരെ പിടികൂടിയത്. സംഘത്തില്‍നിന്നു 27.72 ലക്ഷം രൂപയുടെ നിരോധിത 2,000 രൂപ നോട്ടിന്റെ കള്ളനോട്ടുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ചെര്‍ക്കളയിലെ ശ്രീലിപി പ്രസില്‍നിന്ന് അച്ചടിച്ച കള്ളനോട്ടുകളുമായി ഓഗസ്റ്റ് 20ന് മൂന്നു പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. പ്രസ് ഉടമ പ്രിയേഷ് (34), പെരിയ കുണിയയില്‍ താമസക്കാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഖാദര്‍ (58), പുത്തൂര്‍, ബല്‍നാട് സ്വദേശി അയൂബ് ഖാന് (51), മുളിയാര്‍ മല്ലം കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33) എന്നിവരെയാണ് അന്നു പിടികൂടിയിരുന്നത്.
500 രൂപയുടെ 427 കള്ളനോട്ടുകളാണ് അന്ന് മംഗളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജില്‍വച്ച് സംഘത്തില്‍നിന്നു പോലീസ് പിടികൂടിയത്. തുടര്‍ന്ന് മംഗളൂരു പോലീസ് ചെര്‍ക്കളയിലെത്തി പ്രസും അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടിയിരുന്നു.
പ്രസ് നഷ്ടത്തിലായതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കള്ളനോട്ട് നിര്‍മാണത്തിലേക്ക് പ്രിയേഷിനെ തിരിക്കാനിടയാക്കിയായത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അടിക്കുമ്പോള്‍ 25,000 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്.
യുട്യൂബ് വീഡിയോ കണ്ട് പരിശീലിച്ചതിന്റെ അടിസ്ഥാനത്തല്‍ കള്ളനോട്ട് നിര്‍മിക്കാനുള്ള സാമഗ്രികള്‍ കോഴിക്കോട്ടുനിന്നും ഡല്‍ഹിയില്‍നിന്നും വരുത്തുകയായിരുന്നു. ഗുണനിലവാരമുള്ള നോട്ട് നിര്‍മാണത്തിനായി ഉയര്‍ന്ന നിലവാരമുള്ള പ്രിന്റിംഗ് മെഷീന് വാങ്ങുകയും ചെയ്തിരുന്നു.