സ്ത്രീകള്‍ നേരിടുന്ന വിവേചനം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: തൊഴിലിടങ്ങളിൽ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽപ്പെട്ട ഒരു ഗ്രാമപഞ്ചായത്തിൽ ഒരു വനിതയെ ഗ്രാമമുഖ്യയായി (സർപഞ്ച്) തെരഞ്ഞെടുത്തതിൽ ഗ്രാമവാസികൾക്ക് എതിർപ്പുണ്ടായതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം നിസാരമായി കാണാൻ സാധിക്കില്ലെന്നും പ്രത്യേകിച്ച് ഗ്രാമീണമേഖലകളിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിഷയം ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു സ്ത്രീക്ക് തങ്ങളുടെ ഗ്രാമത്തലവനായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന ധാരണയിൽ അവരെ നീക്കം ചെയ്യാൻ, സർക്കാരിന്റെ ഭൂമിയിൽ നിർമിച്ച വീട്ടിലാണ് അവർ താമസിക്കുന്നതെന്ന് ആരോപിച്ച് ഗ്രാമവാസികൾ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. ആരോപണങ്ങളിലെ സത്യാവസ്ഥ പരിശോധിക്കാതെ ഗ്രാമീണരുടെ മൊഴിയിൽ കളക്ടർ ഗ്രാമമുഖ്യയെ അയോഗ്യയാക്കി.
കളക്ടറുടെ തീരുമാനം ഡിവിഷണൽ കമ്മീഷണറും പിന്നീട് ഹൈക്കോടതിയും ശരിവച്ചു. ഇതു ചോദ്യം ചെയ്താണു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളെ സർക്കാർ ഉദ്യോഗസ്ഥരടക്കം എത്ര നിസാരമായാണു കാണുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാൻ എന്നിവരുടെ ബെഞ്ച് ആശങ്കയോടെ നിരീക്ഷിച്ചു.
ലിംഗസമത്വവും സ്ത്രീശക്തീകരണവും കൈവരിക്കാൻ രാജ്യം മുന്നേറുന്പോൾ പൊതു ഓഫീസുകളിലടക്കം വിവേചനപരമായ ഇത്തരം നടപടികൾ പിന്നോട്ടു നയിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കണം.
വിജയിക്കുന്ന സ്ത്രീകളെ അഭിനന്ദിക്കാൻ തയാറാകണം. കാലാവധി അവസാനിക്കുന്നതുവരെ പരാതിക്കാരിക്ക് ഗ്രാമമുഖ്യ സ്ഥാനത്ത് തുടരാമെന്നു കോടതി ഉത്തരവിട്ടു.