ഹരിയാനയിൽ അശോക് തൻവർ ബിജെപി വിട്ട് കോണ്‍ഗ്രസിൽ
പ്രത്യേക ലേഖകൻ
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: ദളിത് നേതാവും ഹരിയാന പിസിസി മുൻ അധ്യക്ഷനും മുൻ എംപിയുമായ മുതിർന്ന ബിജെപി നേതാവ് അശോക് തൻവർ വീണ്ടും കോണ്‍ഗ്രസിൽ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്ത് ബിജെപിയെ തൻവറും കോണ്‍ഗ്രസും ഞെട്ടിച്ചത്.
നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ, മുതിർന്ന നേതാവിന്റെ ചേരിമാറ്റം ഭരണകക്ഷിയായ ബിജെപിക്കു കനത്ത തിരിച്ചടിയും ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനു വൻ നേട്ടവുമായി.
ഈ വർഷം ജനുവരിയിൽ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന 48കാരനായ അശോക് തൻവർ തികച്ചും നാടകീയമായാണ് ഇന്നലെ ‘ഘർ വാപസി’ പ്രഖ്യാപിച്ച് കോണ്‍ഗ്രസിൽ തിരിച്ചെത്തിയത്.
എൻഎസ്യുഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും മുൻ അധ്യക്ഷനും എഐസിസി മുൻ സെക്രട്ടറിയും സിർസയിൽനിന്നുള്ള മുൻ ലോക്സഭാംഗവുമായ അശോക് തൻവറിനെ തിരിച്ചെടുത്തത് രാഹുൽ ഗാന്ധിയുടെ തന്ത്രപരമായ വിജയമാണെന്ന് എഐസിസി നേതാക്കൾ ദീപികയോട് പറഞ്ഞു.