മയക്കുമരുന്ന് കേസുകളിലെ മുൻകൂർ ജാമ്യം ഗുരുതര പ്രശ്നം: സുപ്രീംകോടതി
Friday, September 20, 2024 2:38 AM IST
ന്യൂഡൽഹി: മയക്കുമരുന്ന് കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നു സുപ്രീംകോടതി. മയക്കുമരുന്നുമായി ബന്ധപ്പെട്ട പശ്ചിമബംഗാളിലെ ഒരു കേസിൽ ജാമ്യഹർജി പരിഗണിക്കുന്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
കേസിൽ നാലു പേർക്ക് നൽകിയിട്ടുള്ള മുൻകൂർ ജാമ്യം റദ്ദ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുന്ന കാര്യം ബംഗാൾ സർക്കാർ പരിഗണിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
കേസിലെ നാലു പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ കൽക്കട്ട ഹൈക്കോടതിയുടെ നടപടിയെ കേട്ടുകേൾവിയില്ലാത്തത് എന്നാണു സുപ്രീംകോടതി വിശേഷിപ്പിച്ചത്. തുടർന്ന് ബംഗാൾ സർക്കാരിന് നോട്ടീസയച്ച കോടതി നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.