കർണാടകയിൽ ആരാധനാലയത്തിനു നേർക്ക് കല്ലേറ്, ആറു പേർ അറസ്റ്റിൽ
Tuesday, September 17, 2024 1:49 AM IST
മംഗളൂരു: സോഷ്യൽ മീഡിയയിലൂടെ ഇരു മതവിഭാഗങ്ങൾ ചേരിതിരിഞ്ഞ് കലാപാഹ്വാനം നടത്തിയതിനു പിന്നാലെ ഞായറാഴ്ച കതിപല്ല ടൗണിലെ ആരാധനാലയത്തിനു നേർക്കുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലേറിൽ ആരാധനാലയത്തിന്റെ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ഇതേത്തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ കതിപല്ല ടൗണിലും ബന്ദ്വാൾ ക്രോസ് ദേശീയപാത 75ലും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.
ബന്ദ്വാൾ ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ അധ്യക്ഷൻ മുഹമ്മദ് ഷെരീഫിന്റെ പ്രകോപനപരമായ ശബ്ദസന്ദേശത്തിനു പിന്നാലെ ഇന്നലെ കതിപല്ലയിൽ ഈദ് ഇ മിലാദ് ഘോഷയാത്രയ്ക്കിടെ വിഎച്ച്പി-ബജ്രംഗ്ദൾ പ്രവർത്തകർ പ്രതികാരാഹ്വാനവുമായി തടിച്ചുകൂടിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.