മുഖ്യമന്ത്രിയുമായി ഇ.പി. ജയരാജൻ ചർച്ച നടത്തി
Sunday, September 15, 2024 2:27 AM IST
ന്യൂഡൽഹി: ഇടതുമുന്നണി കണ്വീനർസ്ഥാനത്തുനിന്നു നീക്കിയശേഷം ആദ്യമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ചർച്ച നടത്തി.
ഇന്നലെ രാവിലെ ഡൽഹിയിലെ കേരള ഹൗസിനോടു ചേർന്ന് മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിൻ ഹൗസിലെ മുറിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുന്നതിൽ പുതുമയില്ലെന്നും അദ്ദേഹവുമായി സംസാരിച്ചതെല്ലാം മാധ്യമങ്ങളോടു പറയാനാകുമോയെന്നുമാണ് ജയരാജൻ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചത്.
രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലിത്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. ഏറ്റവും പ്രിയപ്പെട്ട സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് എത്തിയത്. സീതാറാമിനെക്കുറിച്ചാണ് തന്നോടു മാധ്യമങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.