കാര്‍ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങി; ബാങ്ക് മാനേജരും കാഷ്യറും മുങ്ങിമരിച്ചു
Sunday, September 15, 2024 2:27 AM IST
ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി രണ്ടുപേര്‍ മരിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ഗുരുഗ്രാം സെക്ടർ 31 ബ്രാഞ്ച് മാനേജർ പുണ്യാശ്രേയ ശർമ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി ഫരീദാബാദിലെ ഓൾഡ് റെയിൽവെ അടിപ്പാതയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം മഹീന്ദ്ര എസ്യുവിയില് ഇരുവരും ഗുരുഗ്രാമിൽനിന്നു ഫരീദാബാദിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അടിപ്പാതയില്‍ കടക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ മുന്നോട്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങിയതിനു പിന്നാലെ വാഹനത്തില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാനേജരുടെ മൃതദേഹം വെള്ളക്കെട്ടില്‍നിന്നും കാഷ്യറുടെ മൃതദേഹം വാഹനത്തില്‍നിന്നും ഇന്നലെ പുലര്‍ച്ചെ നാലോടെയാണു കണ്ടെടുത്തത്. ഡല്‍ഹി നഗരത്തിലും വിവിധ മേഖലകളിലും രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.