ബജ്രംഗ് പുനിയയുടെ ഹർജി: നാഡയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: തന്റെ സസ്പെൻഷനെതിരേ ഗുസ്തിതാരം ബജ്രംഗ് പുനിയ സമർപ്പിച്ച ഹർജിയിൽ ദേശീയ ഉത്തേജകവിരുദ്ധ സമിതിയുടെ (നാഡ) പ്രതികരണം തേടി ഡൽഹി ഹൈക്കോടതി.
സസ്പെൻഷനു കാരണമായ പ്രശ്നം അച്ചടക്കസമിതി രൂപീകരിച്ചു പരിശോധിച്ചുവരികയാണെന്ന് നാഡയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ബജ്രംഗ് പുനിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ താരത്തിന് അൽബേനിയയിൽ നടക്കുന്ന ലോക സീനിയർ ഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതി തേടിയെങ്കിലും അതിനായി ഔപചാരിക അപേക്ഷയൊന്നും നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് പത്തിന് സോനിപതിൽ നടന്ന സെലക്ഷൻ ട്രയൽസിൽ തന്റെ മൂത്രസാന്പിൾ നാഡയ്ക്കു നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണു ബജ്രംഗ് പുനിയയെ സസ്പെൻഡ് ചെയ്തത്. എന്നാൽ താൻ സാന്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്നും സാന്പിൾ ശേഖരിക്കാൻ അയച്ചത് കാലഹരണപ്പെട്ട കിറ്റാണെന്നും പുനിയ പിന്നീട് വ്യക്തമാക്കിയിരുന്നു.
കോടതിയിൽനിന്ന് ഇടക്കാല ആശ്വാസം ലഭിക്കാത്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനം ആരംഭിക്കുന്ന ഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പുനിയയുടെ സാധ്യത മങ്ങിയിരിക്കുകയാണ്. നാഡ പ്രതികാരബുദ്ധിയോടെ പെരുമാറുന്നെന്ന് അടുത്തിടെ കോണ്‍ഗ്രസിൽ ചേർന്ന പുനിയ ആരോപിച്ചിരുന്നു.