മണിപ്പുരിൽ സമാധാനശ്രമങ്ങൾ ഊർജിതം
Saturday, August 3, 2024 2:04 AM IST
ഇംഫാൽ: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഊർജിത ശ്രമങ്ങൾ. ജിരിബാം ജില്ലയിൽ സമാധാനം ഉറപ്പുവരുത്തുമെന്ന് രണ്ടു വിഭാഗങ്ങൾ ഇതിനകം ധാരണയിലെത്തി. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നു മെയ്തെയ്-ഹമർ സമുദായങ്ങളാണു ധാരണയിലെത്തിയത്.
ആസാമിലെ ചാചോറിൽ സിആർപിഎഫ് കേന്ദ്രത്തിൽ നടത്തിയ കൂടിയാലോചനകളിലാണു തീരുമാനം. ജിരിബാം ജില്ലാ ഭരണകൂടവും ആസാം റൈഫിൾസും സിആർപിഎഫും നേതൃത്വം നൽകിയ ചർച്ചകളില്‍ താഡൗ, പൈതേ, മിസോ വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിക്കാമെന്ന് ഇരുവിഭാഗവും സമ്മതിച്ചു.
ജിരിബാമിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാസേനയ്ക്കു പൂർണപിന്തുണ നൽകും. അടുത്ത 15നു വീണ്ടും യോഗം ചേരുമെന്നും സംയുക്തപ്രസ്താവനയിൽ രണ്ടു കക്ഷികളും അറിയിച്ചു.
കഴിഞ്ഞവർഷം മേയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കലാപത്തിനുശേഷം ജിരാബാം സമാധാനപരമായി തുടരുകയായിരുന്നു. ഈ വർഷം ജൂണിൽ ഒരു കർഷകന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ ജില്ലയില്‍ അക്രമങ്ങൾ വ്യാപിക്കുകയായിരുന്നു.
ഇതോടെ ആയിരങ്ങൾ വീടു വിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. ജൂലൈ പകുതിയിൽ കലാപകാരികളുടെ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും ചെയ്തു.
അതിനിടെ മണിപ്പുരിൽ മെയ്തെയ്കളും കുക്കികളും തമ്മിൽ സമാധാനചർച്ചകൾക്കു നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മിസോറാം മുഖ്യമന്ത്രി ലാൽഡു ഹോമ ഉടൻ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തും.
മെയ്തെയ്-കുക്കി വിഭാഗങ്ങളുമായുള്ള ചർച്ചയിൽ മിസോറാം മുഖ്യമന്ത്രി മധ്യസ്ഥത വഹിക്കുമോ എന്നതിൽ വ്യക്തതയില്ല. മണിപ്പുർ മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഇംഫാലിലേക്കു പോകുന്നതെന്ന് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ലാൽഡുഹോമ അറിയിച്ചിരുന്നു.