നീറ്റ്: രാജ്കോട്ടിൽ യോഗ്യത നേടിയവർ 85%
Sunday, July 21, 2024 1:16 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി)യുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സെന്ററുകൾ തിരിച്ച് പ്രസിദ്ധപ്പെടുത്തി. പരീക്ഷാ നടത്തിപ്പിൽ വ്യാപകമായ ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടോയെന്നു മനസിലാക്കുന്നതിന് സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് എൻടിഎയുടെ നടപടി.
പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്കു ലഭിച്ച മാർക്കുകളിൽ വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്പോൾ കോടതിയിൽ ഹർജിക്കാർ ഇക്കാര്യം അറിയിക്കും. വ്യാപക ചോർച്ച സംഭവിച്ചതായി കണ്ടെത്തിയാൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന് കേസിന്റെ തുടക്കം മുതൽ കോടതി പറഞ്ഞിരുന്നു.
ഗുജറാത്തിലെ രാജ്കോട്ടിലുള്ള ആർ.കെ. യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് സെന്ററിൽ പരീക്ഷയെഴുതിയ 85 ശതമാനം പേരും യോഗ്യത നേടി. 700ലധികം മാർക്ക് നേടിയ 12 വിദ്യാർഥികൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റവും ഉയർന്ന മാർക്കായ 720 ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ ഒരാൾക്കു ലഭിച്ചു.
രണ്ടുപേർക്ക് 710, നാലു പേർക്ക് 705, മറ്റൊരാൾക്ക് 704, ഒരാൾക്ക് 701, മൂന്നു പേർക്ക് 700 എന്നിങ്ങനെയാണ് ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉയർന്ന മാർക്ക്. 48 പേർക്കാണ് 680നു മുകളിൽ മാർക്ക് ലഭിച്ചത്.
600 മാർക്ക് ലഭിച്ച 259 പേരും ഈ സെന്ററിലുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗ് ഒയാസിസ് സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക് 696 ആണ്. ഈ സ്കൂളിലെ പ്രിൻസിപ്പലിനെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ആ കെ 701 വിദ്യാർഥികളാണ് ഈ സെന്ററിൽനിന്നു പരീക്ഷയെഴുതിയത്. ഇതിൽ 22 വിദ്യാർഥികൾക്ക് 600 നു മുകളിൽ മാർക്ക് ലഭിച്ചു. അതേസമയം, രാജസ്ഥാനിലെ സീക്കറിലെ ആരവല്ലി പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 83 വിദ്യാർഥികൾക്ക് 600 മാർക്കിന് മുകളിൽ ലഭിച്ചിട്ടുണ്ട്.
പുനഃപരീക്ഷയിൽ മാർക്ക് കുത്തനേ കുറഞ്ഞു
ഗ്രേസ്മാർക്ക് നൽകിയതു റദ്ദാക്കി സുപ്രീംകോടതി വീണ്ടും പരീക്ഷയ്ക്ക് ഉത്തരവിട്ട ഹരിയാനയിലെ ജ്വാജ്വറിലെ ഹർദയാൽ പബ്ലിക് സ്കൂൾ സെന്ററിലുള്ള ആറ് വിദ്യാർഥികൾ ആദ്യ പരീക്ഷയിൽ മുഴുവൻ മാർക്കും (720) നേടിയിരുന്നെങ്കിൽ പുനഃപരീക്ഷയിൽ 682 ആണ് ഉയർന്ന മാർക്ക്. വീണ്ടും പരീക്ഷയെഴുതിയവരിൽ 13 പേർക്കുമാത്രമാണ് 600 നുമുകളിൽ മാർക്ക് ലഭിച്ചത്.
ആകെ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 2321 വിദ്യാർഥികൾക്ക് 700ന് മുകളിൽ മാർക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന അടിസ്ഥാനത്തിൽ രാജസ്ഥാനിൽനിന്ന് 482 വിദ്യാർഥികൾക്കും മഹാരാഷ്ട്രയിൽനിന്ന് 205 വിദ്യാർഥികൾക്കും 700ന് മുകളിൽ മാർക്ക് ലഭിച്ചു.
കേരളത്തിൽനിന്ന് 194 പേർക്കാണ് 700 മുകളിൽ മാർക്ക് ലഭിച്ചത്. ആകെ പരീക്ഷയെഴുതിയവരിൽ 30,204 വിദ്യാർഥികൾക്ക് 650 ന് മുകളിൽ മാർക്ക് ലഭിച്ചു. രാജസ്ഥാനിൽനിന്നു മാത്രം 6697 പേർക്കാണു 650ന് മുകളിൽ മാർക്ക് ലഭിച്ചത്. ഉത്തർപ്രദേശിൽ 3387 പേർക്കും കേരളത്തിൽ 2835 പേർക്കും 650ന് മുകളിൽ മാർക്ക് ലഭിച്ചു.