നീറ്റ് യുജി: ഹർജികൾ 18ലേക്കു മാറ്റി
Friday, July 12, 2024 2:49 AM IST
സനു സിറിയക്
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് സുപ്രീംകോടതി മാറ്റി.
ബുധനാഴ്ച രാത്രി കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) സമർപ്പിച്ച സത്യവാങ്മൂലം ചില കക്ഷികൾക്കു ലഭിക്കാൻ വൈകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി അഭിഭാഷകരിൽ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, പുനഃപരീക്ഷ നടത്തുന്നതിനെ കേന്ദ്രസർക്കാരും എൻടിഎയും പൂർണമായും എതിർത്തു. വ്യാപക ചോർച്ച നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എൻടിഎ പുനഃപരീക്ഷയെ എതിർത്തത്.
ടെലിഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്നും എൻടിഎ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിവരങ്ങൾ വിശകലനം ചെയ്ത് ഐഐടി മദ്രാസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യാപകമായ ക്രമക്കേടുകളോ ചോദ്യപേപ്പർ ചോർച്ചയോ സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കൗൺസലിംഗ് ഈ മാസം മൂന്നാം വാരം മുതൽ
നീറ്റ് (യുജി) യുടെ കൗണ്‍സലിംഗ് നടപടി ഈ മാസം മൂന്നാം വാരം മുതൽ നാലു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.