റായ്ബറേലിയും അമേഠിയും ഇന്നു ബൂത്തിലേക്ക്
Monday, May 20, 2024 3:22 AM IST
ലക്നോ: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അമേഠിയും ഇന്നു വിധിയെഴുത്ത് നടത്തും. വയനാടിനു പുറമേ രാഹുൽ മത്സരിക്കുന്ന റായ്ബറേലിയിൽ പ്രചണ്ഡ പ്രചാരണമാണ് അരങ്ങേറിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയാണു പ്രചാരണത്തിനു നേതൃത്വം നല്കിയത്.
രാഹുൽഗാന്ധി മൂന്നു തവണ വിജയിച്ച മണ്ഡലമായ അമേഠിയിൽ കെ.എൽ. ശർമയാണ് കോൺഗ്രസ് സ്ഥാനാർഥി. ഇവിടെയും പ്രചാരണത്തിനു നേതൃത്വം നല്കാൻ പ്രിയങ്കയുണ്ടായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിലെ സിറ്റിംഗ് എംപി.
യുപിയിൽ 14 മണ്ഡലങ്ങളിൽ വിധിയെഴുത്ത്
റായ്ബറേലിയും അമേഠിയും ഉൾപ്പെടെ യുപിയിലെ 14 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നോ, മോഹൻലാൽഗഞ്ച്, ജലൗൻ, ഝാൻസി, ഹമീർപുർ, ബന്ദ, ഫത്തേപ്പുർ, കൗശാംബി, ബാരാബങ്കി, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നിവയാണ് ഇന്നു യുപിയിൽ വിധിയെഴുത്തു നടക്കുന്ന മണ്ഡലങ്ങൾ. ആകെ 2.68 കോടി വോട്ടർമാർ.
മുംബൈയിൽ ഇന്നു വിധിയെഴുത്ത്
മുംബൈയിലും സമീപ പ്രദേശങ്ങളിലെയും 13 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഇതോടെ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും. ബിജെപിയുടെയും ശിവസേനയുടെയും ശക്തികേന്ദ്രങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുക.
മുംബൈ നഗരപരിധിയിൽ ആറു മണ്ഡലങ്ങളാണുള്ളത്. മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത് എന്നിവയാണവ. താനെ, കല്യാൺ, ഭീവണ്ടി, പാൽഘർ, നാസിക്, ദിൻഡോരി, ധുലെ സീറ്റുകളിലും ഇന്നു വോട്ടെടുപ്പ് നടക്കും. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ഭാരതി പവാർ, കപിൽ പാട്ടീൽ എന്നിവരാണ് പ്രമുഖ ബിജെപി സ്ഥാനാർഥികൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ് അഞ്ചാം ഘട്ടം തെരഞ്ഞെടുപ്പ്. മുംബൈ സൗത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, കല്യാൺ, താനെ മണ്ഡലങ്ങളിൽ ഏക്നാഥ് ഷിൻഡെയുടെ ശിവസേന മത്സരിക്കുന്നു. താനെയിലും കല്യാണിലും ഇരു ശിവസേന ഗ്രൂപ്പുകളും ഏറ്റുമുട്ടുന്നു.
ബിഹാറിൽ അഞ്ചു മണ്ഡലങ്ങൾ ഇന്നു ബൂത്തിലേക്ക്
ബിഹാറിൽ മുസാഫർപുർ, മധുബനി, സീതാമർഹി, സാരൺ, ഹാജിപുർ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. 2019ൽ എൻഡിഎ വിജയിച്ച മണ്ഡലങ്ങളാണിവ. സാരണിൽ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയും ബിജെപിയിലെ രാജീവ് പ്രതാപ് റൂഡിയും മത്സരിക്കുന്നു. മുസാഫർപുരിൽ ബിജെപിയുടെ സിറ്റിംഗ് എംപി അജയ് നിഷാദ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു.
തെക്കൻ ബംഗാളിലെ ഏഴു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്
തെക്കൻ ബംഗാളിലെ ഹൗറ, ഹൂഗ്ലി, സെറാംപുർ, ബാരക്പുർ, ബൻഗാവ്, ഉലുബെറിയ, ആരംബാഗ് എന്നീ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് അരങ്ങേറുന്നത്.
ഒഡീഷയിൽ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്
ഒഡീഷയിലെ അസ്ക, കാന്ധമഹൽ, ബാർഗഡ്, ബോലംഗീർ, സുന്ദർഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. ഇതു കൂടാതെ 35 നിയമസഭാ മണ്ഡലങ്ങളും ഇന്നു വിധിയെഴുതും. മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിക്കുന്ന ഹിൻജിലി, കാന്താബഞ്ചി നിയമസഭാ മണ്ഡലങ്ങളിലും ഇന്നാണു വോട്ടെടുപ്പ്. അസ്ക ലോക്സഭാ മണ്ഡലത്തിലാണ് ഹിൻജിലി. ബോലംഗീർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കാന്താബഞ്ചി.

ജാർഖണ്ഡിൽ ഛത്ര, കൊദേർമ, ഹസാരിബാഗ് മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഇതുകൂടാകെ ഗാണ്ഡെ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും നടക്കും. ജയിലിലായ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറിന്റെ ഭാര്യ കല്പന സോറനാണ് ഗാണ്ഡെയിലെ ജെഎംഎം സ്ഥാനാർഥി. ജമ്മു കാഷ്മീരിലെ ഒരു മണ്ഡലത്തിലും ലഡാക്കിലും ഇന്നാണു വോട്ടെടുപ്പ്.