ആധാർ സുരക്ഷിതമല്ലെന്ന് മൂഡീസ്, തിരിച്ചടിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസ്. വരണ്ട കാലാവസ്ഥയിൽ ബയോമെട്രിക് വിവരങ്ങൾ ലഭിക്കുന്നില്ലെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആരോപണങ്ങളെ ന്യായീകരിക്കുന്ന ഗവേഷണമോ രേഖകളോ ഏജൻസിയുടെ പക്കലില്ലെന്നു കേന്ദ്രസർക്കാർ തിരിച്ചടിച്ചു. ആധാർവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ദി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ വെബ്സൈറ്റിലെ വിവരങ്ങൾ മാത്രമേ മൂഡീസിന്റെ പക്കലുള്ളൂവെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പദ്ധതിയായ ആധാറിൽനിന്ന് തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്, ബയോമെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിനു വിശ്വാസ്യതയില്ല, കേന്ദ്രീകൃത സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആധാറിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട് തുടങ്ങിയവാണ് കഴിഞ്ഞ 17ന് പുറത്തുവന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ആധാറിന്റെ ഡാറ്റാ മാനേജ്മെന്റ് അപര്യാപ്തമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള ക്രെഡിറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ആധാറിനെ അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും വരെ പ്രശംസിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ പല രാജ്യങ്ങളും യുഐഡിഎഐയെ സമീപിച്ചിട്ടുണ്ടെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങൾക്കു പിൻബലം നൽകുന്ന വിവരങ്ങൾ മൂഡീസിന്റെ റിപ്പോർട്ടിലില്ല. യുഐഡിഎഐയുടെ വെബ് സൈറ്റിലെ വിവരങ്ങൾ മാത്രമാണു നൽകിയിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ 100 കോടി ഇന്ത്യക്കാർ ആധാറിൽ വിശ്വാസമർപ്പിക്കുകയും പതിനായിരം കോടി തവണ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. ആധാർ ഉപഭോക്താക്കളുടെ എണ്ണം 120 കോടിയെന്ന് മൂഡീസിൽ തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്- ഐടി മന്ത്രാലയം വ്യക്തമാക്കി.
മുഖം, കണ്ണ് എന്നിവ സ്കാൻ ചെയ്യാനും മൊബൈൽ ഒടിപിയിലൂടെ ആധാർ ഒഥന്റിഫിക്കേഷൻ സാധിക്കുമെന്ന കാര്യവും മൂഡീസ് റിപ്പോർട്ടിൽ മറച്ചുവച്ചതായി ഐടി മന്ത്രാലയം വ്യക്തമാക്കി. ആധാർ, യുപിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ ജി 20 ഉച്ചകോടിയിൽ ലോകബാങ്ക് ഉൾപ്പെടെ പുകഴ്ത്തിയിരുന്നു.