കനേഡിയൻ പൗരന്മാർക്കു വീസയില്ല
രാഹുൽ ഗോപിനാഥ്
Friday, September 22, 2023 4:23 AM IST
ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാനെയും അതിന്റെ നേതാക്കളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് സംരക്ഷിക്കുന്ന കാനഡയുടെ നിലപാടിനെതിരേ സ്വരം കടുപ്പിച്ച് ഇന്ത്യ.
വിഷയത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയൻ പൗരന്മാർക്കുള്ള വീസാ സേവനങ്ങൾ ഇന്ത്യ നിർത്തലാക്കി. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകിയതിനു പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വീസ നിർത്തലാക്കിയത്.
കാനഡയിലെ വീസ അപേക്ഷാകേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ വെബ്സൈറ്റിലെ പ്രവർത്തനപരമായ കാരണങ്ങളാൽഇന്നുമുതൽ ഇന്ത്യൻ വീസ സേവനങ്ങൾ അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ് എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം. കോവിഡിനുശേഷം ഇതാദ്യമായാണ് ഇന്ത്യ കാനഡയിലേക്കുള്ള വീസാ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നത്.
കാനഡയുടെ വാദം രാഷ്ട്രീയപ്രേരിതം: ഇന്ത്യ
കാനഡയിലെ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ കാനഡ ഉന്നയിക്കുന്ന വാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതിയായ തെളിവുകളില്ലാതെയാണ് ഇന്ത്യയ്ക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിജ്ജാർ കൊലക്കേസുമായി ബന്ധപ്പെട്ട് കാനഡ ഇതുവരെ ഒരു തെളിവും തന്നിട്ടില്ലെന്നും തെളിവ് നൽകിയാൽ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരേ എപ്പോഴും ഇന്ത്യ ശക്തമായ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
എന്നാൽ, ഇന്ത്യക്കെതിരേയുള്ള ഭീകരപ്രവർത്തനങ്ങളുടെ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാനഡ സർക്കാർ മുൻവിധി വച്ചാണ് കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത്. കനേഡി യൻ സർക്കാരിന്റെ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് കരുതുന്നത്. കാനഡയിൽ ഇന്ത്യക്കാർക്കുനേരേ സുരക്ഷാഭീഷണി വർധിക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണം
ന്യൂഡൽഹി: ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളേക്കാൾ വളരെയധികമാണ് കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആക്ഷേപമുണ്ട്.
""നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികൾ''
ന്യൂയോർക്ക്: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്റിൽ താൻ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് ട്രൂഡോ വ്യക്തമാക്കി.
നിജ്ജാറിന്റെ വധത്തിൽ നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനും കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.
ആശങ്ക വേണ്ടെന്ന് കാനഡ
കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെതിരേ കാനഡ രംഗത്തുവന്നു. മുന്നറിയിപ്പിനെ തള്ളിയ കനേഡിയൻ സർക്കാർ, സുരക്ഷിത രാജ്യങ്ങളിലൊന്നാണിതെന്നും വ്യക്തമാക്കി.
നയതന്ത്രബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഘട്ടത്തിൽ സംയമനം പാലിക്കുന്നതാണ് ഉചിതമെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക് മില്ലർ പറഞ്ഞു. കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.