ഇന്ത്യക്കാരിൽ പ്രമേഹവും അതിസമ്മർദവും വളരെ കൂടുതല്‍: പഠന റിപ്പോര്‍ട്ട്
Saturday, June 10, 2023 12:13 AM IST
ന്യൂഡൽഹി: ഇന്ത്യക്കാരിൽ 36 ശതമാനവും അതിസമ്മർദം (ഹൈപ്പർ ടെൻഷൻ) നേരിടുന്നവരെന്ന് പഠനം. അന്താരാഷ്ട്ര ആരോഗ്യമാസികയായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു കണ്ടെത്തൽ.
മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നു നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരിൽ 35.5 ശതമാനം ആളുകളും ഹൈപ്പർ ടെൻഷൻ നേരിടുന്നവരാണെന്നു കണ്ടെത്തിയത്.
ഹൈപ്പർ ടെൻഷൻ ഉള്ളവരിൽ അസാധാരണമായ വിധത്തിൽ ഉയർന്ന രക്തസമ്മർദവും വികാരസമ്മർദവും കാണപ്പെടും. ഹൈപ്പർ ടെൻഷന്‍ പുറമേ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 11.4 ശതമാനം ആളുകൾക്ക് പ്രമേഹമുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
28.6 ശതമാനം ആളുകൾക്ക് പൊണ്ണത്തടിയുണ്ട്. 39.5 ശതമാനം ആളുകൾക്ക് കുടവയറുള്ളതായും പഠനത്തിൽ പറയുന്നു. എന്നാൽ 81.2 ശതമാനമാളുകൾക്കു ഡിസ്ലിപിഡീമിയ ഉണ്ടെന്നതാണ് പഠനത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊളസ്ട്രോളുകളുടെ അസംതുലിതാവസ്ഥയാണ് ഡിസ്ലിപിഡീമിയ. ഹൃദ്രോഗം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങി പകരാൻ സാധ്യതയില്ലാത്ത (അസാംക്രമിക) രോഗങ്ങളുടെ പ്രധാന കാരണം ശരീരത്തിലെ കൊളസ്ട്രോളുകളുടെ അസംതുലിതാവസ്ഥയാണ്.
പ്രമേഹത്തിന് തൊട്ടുമുന്‍പുള്ള പ്രീഡയബറ്റിക് രോഗാവസ്ഥ ഒഴികെയുള്ള അസാംക്രമിക രോഗാവസ്ഥകളിൽ കൂടുതലും നഗരങ്ങളിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളിലെ പഠനങ്ങളെ അപേക്ഷിച്ചു ഇന്ത്യക്കാർക്കിടയിൽ പ്രമേഹവും മറ്റ് അസാംക്രമിക രോഗങ്ങളും ഗണ്യമായി വർധിച്ചതായും രാജ്യത്തു വർധിക്കുന്ന അസാംക്രമിക രോഗങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.