തമിഴ്നാടും പശ്ചിമബംഗാളും പ്രത്യേക സംഘങ്ങളെ അയച്ചു
Saturday, June 3, 2023 1:52 AM IST
ബാലസോർ: ട്രെയിനപകടമുണ്ടായ ഒഡീഷയിലെ ബാലസോറിലേക്ക് തമിഴ്നാട്, പശ്ചിമബംഗാൾ സർക്കാരുകൾ ഉദ്യോഗസ്ഥ സംഘത്തെ അയച്ചു.
അപകടത്തിൽപ്പെട്ടവരിൽ ഏറെയും ഇരു സംസ്ഥാനങ്ങളിൽനിന്നുമുള്ളവരാണെന്നതിനാലാണ് രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകാനായി ഉദ്യോഗസ്ഥസംഘത്തെ അയച്ചത്. ഒഡീഷ സർക്കാരുമായും സൗത്ത് ഈസ്റ്റേൺ റെയിൽവേയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അറിയിച്ചു. അതേസമയം, ബാലസോറിലേക്ക് 25 ആംബുലൻസുകളും 12 ഡോക്ടർമാരെയും അയച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
ഭുവനേശ്വറിലെ റെയിൽവെ കൺട്രോൾ റൂമിലെത്തി സ്ഥിതിഗതികൾ ആരാഞ്ഞ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് താൻ ഉടൻ ദുരന്തസ്ഥലത്തേക്ക് പുറപ്പെടുമെന്നു വ്യക്തമാക്കി. ദുരന്തം നടന്നയുടൻതന്നെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി റവന്യൂമന്ത്രി പ്രമീള മാലിക്കും സ്പെഷൽ റിലീഫ് കമ്മീഷണർ സത്യവ്രത സാഹുവും അടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ബാലസോറിലേക്ക് പുറപ്പെട്ടിരുന്നു.
ദുരന്തത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ മറ്റു മന്ത്രിമാരോടും സ്ഥലത്തേക്കു പുറപ്പെടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.