മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ വീടു വളഞ്ഞ് പ്രതിഷേധക്കാർ
Saturday, May 27, 2023 1:05 AM IST
ഇംഫാൽ: മണിപ്പുരിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്റെ വീടു വളഞ്ഞ് ജനക്കൂട്ടം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ മന്ത്രിയുടെ വീടാണ് ജനക്കൂട്ടം വളഞ്ഞത്.
എതിർവിഭാഗത്തിന്റെ ആക്രമണത്തിൽനിന്നു തങ്ങളെ സംരക്ഷിക്കുന്നില്ലെന്നാരോപിച്ചായിരുന്നു വ്യാഴാഴ്ച രാത്രി എട്ടോടെ കോംഗ്ബ മേഖലയിലെ വീട് ജനക്കൂട്ടം വളഞ്ഞത്. സുരക്ഷാസേന കണ്ണീർവാതകം ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
ഈ സമയം മന്ത്രിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ വീടിനു നാശനഷ്ടമൊന്നുമുണ്ടായില്ല. ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജ്കുമാർ രഞ്ജൻ സിംഗ് പ്രമുഖ ബിജെപി നേതാവാണ്.
ബിഷ്ണുപുർ ജില്ലയിൽ സുരക്ഷാസേനയും കുക്കി ഗോത്രവിഭാഗവും തമ്മിൽ വെടിവയ്പുണ്ടായതായി റിപ്പോർട്ടുണ്ട്. ബുധനാഴ്ച മണിപ്പുർ പൊതുമരാമത്ത് മന്ത്രി കോൻതൗജം ഗോവിന്ദാസിന്റെ ബിഷ്ണുപുരിലെ വീട് ജനക്കൂട്ടം ആക്രമിച്ചിരുന്നു.