ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ 11ന്
Sunday, August 7, 2022 2:17 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ധൻകറിന് 528 വോട്ടും എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ട് അസാധുവായി. 11 ന് ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
പാർലമെന്റ് ഹൗസിൽ ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിൽ പാർലമെന്റിന്റെ ഇരുസഭകളിൽനിന്നുമുള്ള 780 വോട്ടർമാരിൽ 725 പേർ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെണ്ണൽ ആരംഭിച്ചു.
രാജസ്ഥാനിലെ ജാട്ട് സമുദായത്തിൽ ജനിച്ച ജഗ്ദീപ് ധൻകർ അഭിഭാഷകനായാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ധൻകർ, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ കോണ്‍ഗ്രസിൽ ചേർന്നു. എന്നാൽ, രാജസ്ഥാൻ കോണ്ഗ്രസിൻ അശോക് ഗെഹ്ലോട്ട് നേതൃസ്ഥാനത്ത് എത്തിയതോടെ ബിജെപിയിലേക്ക് മാറി. 2019 ജൂലൈയിൽ ബംഗാൾ ഗവർണറായി.