ജിഹാദികളുടെ ഹിന്ദു വംശഹത്യയാണ് മാപ്പിള കലാപമെന്ന് ആദിത്യനാഥ്
Saturday, September 25, 2021 11:53 PM IST
ന്യൂഡൽഹി: കേരളത്തിലെ ജിഹാദി ഘടകങ്ങൾ ആസൂത്രിതമായി നടത്തിയ ഹിന്ദുക്കളുടെ വംശഹത്യയായിരുന്നു 1921-ലെ മാപ്പിള കലാപമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജിഹാദി ചിന്തകളിൽനിന്നു മനുഷ്യരാശിയെ എങ്ങനെ മോചിപ്പിക്കാമെന്നു ചിന്തിക്കേണ്ട അവസരമാണിത്.
മലബാർ വംശഹത്യ ആവർത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാർഢ്യത്തോടെ ഒത്തുചേരേണ്ടതുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മോശം വർഗീയ വംശഹത്യയിൽ പതിനായിരത്തിലധികം ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് യുപി മുഖ്യമന്ത്രി ആരോപിച്ചു. ആർഎസ്എസ് അനുബന്ധ മാസികയായ പഞ്ചജന്യയുടെ യു ട്യൂബ് ചാനലിൽ മാപ്പിള കലാപത്തെക്കുറിച്ചു നടത്തിയ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു ബിജെപി നേതാവായ ആദിത്യനാഥ്.
കേരളത്തിലെ ജിഹാദി ഘടകങ്ങൾ 100 വർഷം മുന്പ് ആയിരക്കണക്കിനു ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ഒരു കണക്കനുസരിച്ച് പതിനായിരത്തിലധികം ഹിന്ദുക്കൾ ക്രൂരമായി കൊല്ലപ്പെട്ടു. നിരവധി ദിവസം ആസൂത്രിതമായി വംശഹത്യ തുടർന്നു. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും ആക്രമിക്കപ്പെട്ടു.
നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ “വൻ വംശഹത്യ’ മറയ്ക്കാൻ നിരവധി പേരുകൾ ഉണ്ടാക്കി. ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ടാണോ ഇതു സംഭവിച്ചത്? -യുപി മുഖ്യമന്ത്രി ചോദിച്ചു.