നാല് സംസ്ഥാനങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും
Thursday, April 18, 2019 12:43 AM IST
ജയ്പുർ/ഭോപ്പാൽ/അഹമ്മദാബാദ്:രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും 50 മരണം. രാജസ്ഥാനിൽ 21 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. മധ്യപ്രദേശിൽ 15 പേരും ഗുജറാത്തിൽ പത്തുപേരും മരിച്ചു. മഹാരാഷ്ട്രയിൽ മൂന്നുപേരുടെ ജീവനാണ് മഴ കവർന്നത്.
കാലംതെറ്റിപെയ്ത മഴയിൽ രാജസ്ഥാനിലും ഗുജറാത്തിലും വ്യാപകകൃഷിനാശവും ഉണ്ടായി. രാജസ്ഥാനിൽ ഝലാവാഡ്, ഉദയ്പുർ, ജയ്പുർ എന്നിവിടങ്ങളിലാണു കനത്ത നാശം. ബാരാൻ, രാജ്സമന്ദ്, ഭിൽവാര, ആൽവാർ, ഹനുമാൻഗഡ് എന്നിവിടങ്ങളിലും കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. മധ്യപ്രദേശിൽ ഇൻഡോർ, ധാർ, ഷാജാപുർ, രത്ലാം തുടങ്ങിയ ഇടങ്ങളിലാണു മഴ രൗദ്രരൂപം പൂണ്ടത്.
അതിനിടെ ഗുജറാത്തിന്റെ കാര്യംമാത്രം പറഞ്ഞ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചതു വിവാദമായി. ഗുജറാത്തിൽ അനുഭവപ്പെട്ട ദുരന്തത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുകയാണെന്നും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നിർദേശം നൽകിയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. തൊട്ടുപിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിമർശനം. സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെക്കുറിച്ചു മാത്രമാണു മോദിയുടെ ആശങ്കയെന്നായിരുന്നു കമൽനാഥിന്റെ വിമർശനം.
ഇതോടെ മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ കനത്ത മഴയിൽ അഗാധദുഃഖം രേഖപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രിയുടെ സന്ദേശം എത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രിയുടെ ദേശീയദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും സന്ദേശത്തിൽ പറയുന്നു.
മഴക്കെടുതികൾ ഉള്ള പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അടിയന്തര രക്ഷാപ്രവർത്തനത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറയിച്ചു.