ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഗൂഢ അജണ്ട: ഹസൻ
Friday, September 20, 2024 2:37 AM IST
തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുമുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കണ്‍വീനർ എം. എം. ഹസൻ.
കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയറുടെ നാലാംചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ ഈ ശിപാർശ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറലിസത്തെ തകർക്കും. അപ്രായോഗികവും അശാസ്ത്രീയവുമായ കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ പരാജയപ്പെടുത്തും. വൈവിധ്യങ്ങളും പ്രാദേശികഘടകങ്ങളും ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങൾ അടങ്ങുന്നതാണ് നമ്മുടെ രാഷ്ട്രം. ഫെഡറൽ ഭരണ സംവിധാനത്തെ തകർത്ത് യൂണിറ്ററി ഭരണ സംവിധാനം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പ്രസിഡൻഷ്യൽ ഫോറം ഓഫ് ഡെമോക്രസിയായി മാറ്റാനുള്ള മോദിയുടെയും അമിത്ഷായുടെയും അതിമോഹത്തെ രാജ്യത്തെ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി എതിർത്ത് പരാജയപ്പെടുത്തുമെന്നും എം. എം. ഹസൻ പറഞ്ഞു.