ജല അഥോറിറ്റിക്കു മുന്നിൽ തിരുവോണനാളിൽ പട്ടിണിസമരവുമായി കരാറുകാർ
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ബില്ലുകൾ മാറി നൽകാത്തതിനാൽ പട്ടിണിയിലായ ജലഅഥോറിറ്റിയിലെ ചെറുകിട കരാർ തിരുവോണ നാളിൽ വെള്ളയന്പലത്തെ ജലഭവനു മുന്നിൽ പട്ടിണി സമരം നടത്തും. മറ്റു ജില്ലകളിൽ പ്രതീകാത്മക സമരവും നടത്തുമെന്നും ഓൾ കേരള വാട്ടർ അഥോറിറ്റി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചെറുകിട കരാറുകാർക്ക് ഒന്നര വർഷത്തെ അറ്റകുറ്റപ്പണികൾ നടത്തിയ വകയിലെ തുക കുടിശികയാണ്. ഏതാണ്ട് 200 കോടി രൂപയാണ് ലഭിക്കാനുള്ളത്. സ്റ്റേറ്റ് പ്ലാനിൽ വിവിധ ഹെഡുകളിലായി 400 കോടി രൂപ ലഭിക്കാനുണ്ട്.
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട ജോലികളിൽ കരാറുകാരുടെ കുടിശിക 4500 കോടിയാണ്. ഇപ്പോൾ ജല അഥോറിറ്റിയിൽ ജോലികൾ ടെൻഡർ ചെയ്യുന്നത് വൻകിട കരാറുകാർക്കും കന്പനികൾക്കും മാത്രം എടുക്കാൻ കഴിയുന്ന വിധത്തിലാണെന്നും അവർ ആരോപിച്ചു.
റണ്ണിഗ് കോണ്‍ട്രാക്ട് വ്യവസ്ഥയിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ പരിഷ്കാരങ്ങൾ ചെറുകിട കരാറുകാരുടെ ഉപജീവന മാർഗം തടസപ്പെടുത്തുന്നതാണെന്ന് ഭാരവാഹികളായ എൻ. രാജൻ, ടി. വിജയൻ, പി.വി. അശോക്കുമാർ, എം. സിദ്ധാർഥൻ തുടങ്ങിയവർ ആരോപിച്ചു.