ഇ-ഫയൽ തകരാർ പരിഹരിക്കാനായില്ല; സെക്രട്ടേറിയറ്റ് അവധിമൂഡിൽ!
Thursday, July 25, 2024 2:27 AM IST
തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാനം തകരാറിലായതിനെത്തുടർന്ന് രണ്ടാം ദിനവും സംസ്ഥാന ഭരണം നിശ്ചലം.
സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെയും വിവിധ ഡയറക്ടറേറ്റുകളെയും ജില്ലാ കളക്ടറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇ-ഓഫീസ് എന്ന പേരിലുള്ള ഇ-ഫയലിംഗ് സംവിധാനം രണ്ടു ദിവസമായി തകരാറിലായതാണു കാരണം. ഇ-ഫയലിംഗ് സംവിധാനം തകരാറിലായതോടെ ആയിരക്കണക്കിനു ഫയലുകളാണു കഴിഞ്ഞ ദിവസങ്ങളിലായി കെട്ടിക്കിടക്കുന്നത്.
രണ്ടു ദിവസം സെക്രട്ടേറിയറ്റ് പ്രവർത്തനം നിശ്ചലമാകുന്നതു വഴി കോടികളാണു ഖജനാവിനും നഷ്ടം. ഒരു ദിവസം സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതിനു ജീവനക്കാരുടെ ശന്പളം അടക്കം 87 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണു കണക്കാക്കുന്നത്.
ഐഎഎസുകാരടക്കം നാലായിരത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. കൂടാതെ, സെക്രട്ടേറിയറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി കോടികളാണു ബജറ്റിൽ വകയിരുത്തുന്നത്.
ഇ-ഓഫീസ് സംവിധാനത്തിന്റെ നിർവഹണച്ചുമതല എൻഐസിക്കാണ്. സെർവറിന്റെ തകരാർ പരിഹരിക്കേണ്ടത് എൻഐസിയുടെ ഉത്തരവാദിത്വമാണെന്നാണു സർക്കാർ നിലപാട്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി 15,000-ത്തോളം ഫയലുകളാണ് ഒരു ദിവസം പല ഉദ്യോഗസ്ഥ തട്ടുകളിലായി പരിശോധിക്കുന്നത്. ഇവയെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി മുടങ്ങിക്കിടക്കുകയാണ്.
ഇ-ഫയലിംഗ് സംവിധാനം തകരാറിലായതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർ അവധി മൂഡിലായി. 99.9 ശതമാനം ഫയലുകളും ഇ- ഫയലായാണ് ഓഫീസുകളിൽ എത്തുന്നത്.
സെക്രട്ടേറിയറ്റിനെയും വിവിധ ഡയറക്ടറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കളക്ടറേറ്റുകളിൽനിന്നു സെക്രട്ടേറിയറ്റിൽ എത്തേണ്ടതുമായ ഫയലുകളും ഇ-ഓഫീസ് സംവിധാനത്തിലൂടെയാണു പരിഹരിക്കേണ്ടത്. ഇതോടെ ഇത്തരം ഫയലുകളുടെ നീക്കവും സ്തംഭനത്തിലായി.