കണ്ണൂർ രാഷ്ട്രീയത്തിലെ ‘സുധാകര വിജയം’
Wednesday, May 22, 2024 1:34 AM IST
റെനീഷ് മാത്യു
കണ്ണൂർ: മൂന്നു പതിറ്റാണ്ടോളമായി കണ്ണൂർ രാഷ്ട്രീയത്തിലെ അതികായന്മാർ തമ്മിൽ കൊമ്പുകോർത്തു തുടങ്ങിയ നിയമപോരാട്ടത്തിൽ ഹൈക്കോടതിയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വിജയം.
വെടിവയ്പ് നടക്കുന്പോൾ കണ്ണൂർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാക്കളായിരുന്നു കെ. സുധാകരനും സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി. ജയരാജനും. ഇവർ തമ്മിൽ വാക്പോരും അണികൾ തമ്മിൽ കൈയാങ്കളിയും നടക്കുന്ന കാലഘട്ടത്തിലായിരുന്നു വെടിവയ്പു നടന്നത്.
വധശ്രമം ആന്ധ്രപ്രദേശിലാണ് നടന്നതെന്നതിനാൽ ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വവും വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ടു. പ്രതിപ്പട്ടികയിൽ കെ. സുധാകരനും പരേതനായ എം.വി. രാഘവനും ഉൾപ്പെട്ടിരുന്നു. ഇവർ ഗൂഢാലോചന നടത്തി പറഞ്ഞുവിട്ടവരാണ് ജയരാജനെ വെടിവച്ചതെന്നായിരുന്നു സിപിഎം ആരോപണം. തുടർന്ന് കേസിൽനിന്നും സുധാകരനും എം.വി. രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശൻ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലാണ് സുധാകരനും രാഘവനും കേസിൽനിന്നു രക്ഷപ്പെടാൻ ഇടയാക്കിയതെന്നായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. അക്കാലത്ത് കെ. സുധാകരനെയും എം.വി. രാഘവനെയും കണ്ണൂരിൽ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി സിപിഎം പ്രചാരണം അഴിച്ചുവിട്ടിരുന്നു.
കെ. സുധാകരനെ ഗുണ്ടാ നേതാവ് എന്നായിരുന്നു സിപിഎം വിശേഷിപ്പിച്ചിരുന്നത്. വെടിയേറ്റ സംഭവത്തെത്തുടർന്ന് ഇ.പി. ജയരാജന് മാസങ്ങളോളം വീട്ടിൽ വിശ്രമജീവിതം നയിക്കേണ്ടിവരികയും ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് അവധി നൽകി പകരം എം.വി. ഗോവിന്ദനെ നിയമിക്കുകയായിരുന്നു.
കെ. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോഴും കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾ അരങ്ങേറുന്പോഴും ജയരാജന്റെ കഴുത്തിൽനിന്ന് ഇനിയും പുറത്തെടുക്കാനാകാത്ത വെടിയുണ്ട ചർച്ചയായിരുന്നു.
ഇ.പി. ജയരാജനോട് പാർട്ടിപ്രവർത്തകർക്കുപരിയായി ജനപ്രീതി ഉണ്ടാകാനും വെടിവയ്പ് സംഭവം കാരണമായിട്ടുണ്ട്. ശരീരത്തിൽ വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന വാദമാണ് സിപിഎമ്മിനുള്ളിൽ ഇ.പിക്കുള്ളത്. സിപിഎമ്മിന്റെ ഈ വാദത്തെ പരിഹസിച്ച് കെ. സുധാകരൻ തന്നെ രംഗത്തുവന്നിരുന്നു.
വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കിൽ അത് കാട്ടാൻ ജയരാജനെ സുധാകരൻ വെല്ലുവിളിച്ചു. വെടിയുണ്ട അലിഞ്ഞുപോയി എന്നാണ് പറഞ്ഞത്, ഇത് അരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നുമായിരുന്നു സുധാകരന്റെ പരിഹാസം.
എന്നിരുന്നാലും കുറ്റവിമുക്തനായ ശേഷം തലയ്ക്കു മുകളിൽ കിടന്ന വാളെന്നാണ് ഈ കേസിനെ സുധാകരൻ വിശേഷിപ്പിച്ചത്. തന്നെ മാത്രമല്ല പിണറായി വിജയനെക്കൂടി ലക്ഷ്യമിട്ടാണ് സുധാകരൻ ഗൂഢാലോചന നടത്തിയെതെന്നായിരുന്നു ഇ.പി. ജയരാജന്റെ ആരോപണം.
ഹൈക്കോടതി സുധാകരനെ ഗൂഢാലോചന കേസിൽനിന്ന് കുറ്റവിമുക്തനാക്കിയെങ്കിലും തന്നെ ഇല്ലാതാക്കാൻ വാടകക്കൊലയാളികളെ പറഞ്ഞുവിട്ടത് കെ. സുധാകരൻതന്നെ എന്ന നിലപാടിൽ ഉറച്ചുനിന്ന് വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇ.പി. ജയരാജൻ.
1995 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്കു മടങ്ങിയ ഇ.പി. ജയരാജനെ ട്രെയിനിൽവച്ച് വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിപിഎം ഗൂഢാലോചന വ്യക്തമായി: സതീശൻ
മലപ്പുറം: കെ. സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് 29 വര്‍ഷം മുമ്പു നടന്ന സംഭവത്തിലെ ഗൂഢാലോചനയില്‍ കെ. സുധാകരന് പങ്കാളിയാണെന്നു പറഞ്ഞ് സിപിഎം പ്രതിയാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മലപ്പുറത്തു മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരന് 2016ല്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയില്‍ പങ്കില്ലെന്നു കണ്ടെത്തി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് അടിവരയിടുന്നതാണു ഹൈക്കോടതി വിധി. മനപൂര്‍വമായാണ് കെ. സുധാകരനെയും എം.വി. രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയായിരുന്നു ഇതെന്ന് വ്യക്തമായിരിക്കുകയാണ്. വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള ജയരാജന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, വളരെ വ്യക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതു നിലനില്‍ക്കുമെന്നു തന്നെയാണു കരുതുന്നത്.
കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജയരാജന് പറഞ്ഞതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നതെന്നു വി.ഡി. സതീശന് പറഞ്ഞു.
വധശ്രമത്തിനു പിന്നിൽ സുധാകരൻ, അപ്പീൽ നൽകും
കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചതു കെ. സുധാകരൻതന്നെയാണെന്നും സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഹൈക്കോടതി അവസാന കോടതിയല്ലെന്നും ഹൈക്കോടതി വിധിക്കെതിരേ സർക്കാരും അപ്പീൽ നൽകണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോയെന്നു പരിശോധിക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്നാണു കരുതുന്നത്. എന്നാൽ കോടതിയിൽനിന്നു തിരിച്ചടിയുണ്ടായെന്നു കരുതുന്നില്ല.
“പാർട്ടി കോൺഗ്രസ് കഴിഞ്ഞു വരുന്പോൾ പിണറായി വിജയനെ കൊലപ്പെടുത്തുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണു കെ. സുധാകരൻ ആർഎസ്എസുകാരെ വാടകയ്ക്കെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തത്.
അന്ന് ആ ട്രെയിനിൽ പിണറായി വിജയൻ ഇല്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. കേസിൽ അറസ്റ്റിലായ വാടകക്കൊലയാളികളായ വിക്രംചാൽ ശശി, പേട്ട ദിനേശൻ എന്നിവർ ഡൽഹിയിൽനിന്നു ട്രെയിനിൽ കയറുകയായിരുന്നു. അവർക്ക് എന്നെ പരിചയമോ എന്നോടു പ്രത്യേക വൈരാഗ്യമോ ഉണ്ടാകേണ്ട കാര്യമില്ല.
സംഭവത്തിനു ശേഷം അറസ്റ്റിലായപ്പോൾ കെ. സുധാകരനാണ് തങ്ങളെ ആയുധം നൽകി പറഞ്ഞുവിട്ടതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ’’
“എന്നാൽ അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സുധാകരനെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടത്തി. ഇതേത്തുടർന്ന് കോടതിയിൽ സുധാകരനാണ് എന്നെ കൊലപ്പെടുത്താൻ പ്രതികളെ അയച്ചതെന്ന് ഞാൻ മൊഴി നൽകിയതിനെത്തുടർന്നാണു സുധാകരനെ ഗൂഢാലോചനയിൽ പ്രതിയാക്കിയത്.
ഇത്തരം കേസുകളിൽനിന്നു രക്ഷപ്പെടുന്ന സ്വഭാവമാണു സുധാകരന്റേത്. നാൽപ്പാടി വാസു കേസിൽ സുധാകരനാണു വെടിവയ്ക്കാൻ നിർദേശിച്ചതെന്ന് ആദ്യത്തെ എഫ്ഐആറിൽ ഉണ്ടായിരുന്നു.
അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരൻ എഫ്ഐആർ തിരുത്തിച്ചാണു സുധാകരനെ രക്ഷിച്ചത്. കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ നിയമപോരാട്ടം തുടരും’’- ഇ.പി. ജയരാജൻ പറഞ്ഞു.