മാത്യു കുഴല്‍നാടനെയും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തു
Tuesday, March 5, 2024 2:32 AM IST
കോതമംഗലം: മാത്യു കുഴല്നാടന് എംഎല്‍എയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.45 നായിരുന്നു അറസ്റ്റ്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ബലമായി വലിച്ചുകൊണ്ടുപോയി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്.
ഇന്ദിരക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പിള്ളിയും ആരംഭിച്ച അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരുന്നു. ഈ സമര പന്തലിലെത്തിയാണ് മാത്യു കുഴല്‍നാടനെ പോലീസ് അറസ്റ്റ് ചെയ്തത്.
സമരപ്പന്തലിന് സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസ് ലാത്തിവീശി.
ഇതോടെ കോതമംഗലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പോലീസിന്റെ വാഹനം തല്ലിത്തകര്‍ത്തു. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്താണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.