പി.വി. അൻവർ എംഎൽഎയുടെ മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്
Wednesday, September 27, 2023 6:18 AM IST
കോഴിക്കോട്: മിച്ചഭൂമി കേസിൽ പി.വി. അൻവർ എംഎൽഎയുടെ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്. ഭൂ പരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഉത്തരവിട്ടത്. പി.വി. അൻവർ ഒരാഴ്ചയ്ക്കകം ഭൂമി സറണ്ടർ ചെയ്യണമെന്നാണ് ഉത്തരവ്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കറാണ്.
എന്നാൽ, പി.വി. അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ടെന്നും പി.വി. അൻവർതന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണു താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്.
അതിനിടെ, അൻവറിന്റെ കൈവശമുള്ള 19 ഏക്കർ മിച്ചഭൂമിയിൽ 6.25 ഏക്കർ മാത്രം പിടിച്ചെടുക്കാൻ ഉത്തരവിട്ട നടപടിയിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരനായ കെ.വി. ഷാജി ആരോപിച്ചു. പി.വി. അൻവറിന്റെ കൈവശം മിച്ചഭൂമിയുണ്ടെന്നു ചൂണ്ടിക്കാട്ടി കെ.വി. ഷാജി 2017ലാണു പരാതി നൽകിയത്. പരാതിയിൻമേലുള്ള അന്വേഷണവും നടപടിയും നീണ്ടുപോയതോടെ ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടികൾ വൈകിയതിനു താലൂക്ക് ലാൻഡ് ബോർഡ് കോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു.
ഒക്ടോബർ 18നകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കാതിരുന്നതോടെ കെ.വി. ഷാജി കോടതിയലക്ഷ്യ ഹർജി നൽകിയതിനെത്തുടർന്നാണ് പിന്നീട് നടപടികൾക്ക് അനക്കംവച്ചത്.
കോടതി ഇടപെടലിനെത്തുടർന്ന് താമരശേരി ലാൻഡ് ബോർഡ് ഓഫീസിലും കോഴിക്കോട് കളക്ടറേറ്റിലുമായി നിരവധി തവണ താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗ് നടത്തിയിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെ മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി.വി. അൻവർ എംഎൽഎ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
അൻവറും ഭാര്യയും ചേർന്ന് പിവിആർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാൻ വേണ്ടിയാണെന്നാണും അൻവറിന്റെ പക്കൽ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സർക്കാരിനു വിട്ടുനൽകാൻ നിർദേശം നൽകാവുന്നതാണെന്നും ഓതറൈസഡ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. അൻവറിന്റെ കൈവശം 19 ഏക്കർ മിച്ചഭൂമിയുണ്ടെന്നായിരുന്നു ആദ്യം താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. പിന്നീട് ഇത് 16 ഏക്കറും അവസാനം 6.25 ഏക്കറുമായി ചുരുങ്ങി.
അൻവറിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും ലാൻഡ് ബോർഡിന്റെ നടപടികൾ നീട്ടിക്കൊണ്ടുപോയിയെന്നും ആദ്യം മുതലേ ആരോപണമുയർന്നിരുന്നു.