അട്ടപ്പാടി മധു വധക്കേസ്: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരേ അമ്മയുടെ പരാതി
Saturday, September 23, 2023 2:19 AM IST
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതിനെതിരേ മധുവിന്റെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്കി.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയര്‍ അഭിഭാഷകനായ കെ.പി. സതീശനെയും അഡീഷണല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി.വി. ജീവേഷിനെയുമാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ കെ.പി. സതീശനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരേയാണ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്. തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുള്ള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം.
മധു വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ അഡീ. ഡിജിപി ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാകുന്നത്. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മല്ലിയമ്മ ഹൈക്കോടതിയിലെത്തി. വിചാരണ നടത്തിയ മണ്ണാര്‍ക്കാട് കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജീവേഷ്, രാജേഷ്. എം. മേനോന്, സി.കെ. രാധാകൃഷ്ണന് എന്നിവരെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെയാണ് മല്ലിയമ്മ ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്.