പോക്സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാം
Saturday, September 23, 2023 2:19 AM IST
കൊച്ചി: പോക്സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെങ്കില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും കോടതികള്‍ കേസിന്റെ വസ്തുതയും സാഹചര്യവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തം മക്കളോടു ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി രണ്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണു ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥ. ഈ വിലക്ക് സമ്പൂര്‍ണമല്ലെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ നിയമത്തില്‍ പറയുന്നില്ല.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുപോലെ പ്രധാനമാണ് നിരപരാധികളെ സംരക്ഷിക്കുകയെന്നതും. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജികളിലൊന്നില്‍ പ്രതിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നും അറസ്റ്റ് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍തന്നെ അറിയിച്ചു. തുടര്‍ന്ന് ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. രണ്ടാമത്തെ വ്യക്തിയുടെ ഹര്‍ജി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതി തള്ളി.