അന്വേഷിച്ചത് മസാലക്കഥകൾ :സോളാർ കമ്മീഷനെതിരേ
മുൻ ഡിജിപി ഹേമചന്ദ്രൻ
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഡിജിപിയും സോളാർ തട്ടിപ്പു കേസ് അന്വേഷണ സംഘത്തലവനുമായിരുന്ന എ. ഹേമചന്ദ്രൻ.
സോളാർ ജുഡീഷൽ കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ- പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമായിരുന്നുവെന്നും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നും സദാചാര പോലീസിനെപ്പോലെ പെരുമാറിയെന്നും ഹേമചന്ദ്രൻ എഴുതിയ "നീതി എവിടെ' എന്ന ആത്മകഥയിൽ തുറന്നടിക്കുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ കൂരന്പുകൾപോലെ പതിച്ച പരാമർശങ്ങളായിരുന്നു സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. എ. ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പു നേതാക്കൾ കമ്മീഷൻ റിപ്പോർട്ടിനെതിരേ പരസ്യമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദമായും ഇതു വരും ദിവസങ്ങളിൽ കത്തിപ്പടരും.
കഴിഞ്ഞ ദിവസം സിപിഐ നേതാവ് സി. ദിവാകരനും സോളാർ ജുഡീഷൽ കമ്മീഷനെതിരേ രംഗത്തെത്തിയിരുന്നു. അഞ്ചു കോടി രൂപ പ്രതിഫലം കൈപ്പറ്റിയാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ സോളാർ കമ്മീഷൻ റിപ്പോർട്ട് എഴുതിയതെന്നു സി. ദിവാകരൻ തുറന്നടിച്ചു. ദിവാകരന്റെ പരാമർശം സർക്കാരിനെതിരേ ആയുധമാക്കാത്ത പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരേയും കോണ്‍ഗ്രസ് എ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തുന്പോൾ, കോണ്‍ഗ്രസിനുള്ളിലും സോളാർ കമ്മീഷൻ റിപ്പോർട്ട് വിവാദങ്ങൾക്കു വഴിമരുന്നിടും. സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ച കമ്മീഷൻ സദാചാര പോലീസിന്റെ മാനസികാവസ്ഥയിലായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു.
കമ്മീഷന്റെ ഭാഗത്തുനിന്നുള്ള തമാശകൾപോലും അരോചകമായിരുന്നു. സോളാർ തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചത്. കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടേത് അടക്കം അന്തസും മൗലികാവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായി.
തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെക്കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻ ചാണ്ടിയോ അന്ന് ആ ഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്ന് ഹേമചന്ദ്രന്റെ ആത്മകഥയിലുണ്ട്.