മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്: കെ. സുരേന്ദ്രൻ
Wednesday, September 16, 2020 11:56 PM IST
തിരുവനന്തപുരം: ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ തങ്ങളും അതിന് തയാറാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ പിണറായി വിജയൻ തയാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. കൂടുതൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രാഷ്ട്രീയമായ ആരോപണങ്ങൾക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടിച്ചമർത്താമെന്നത് വ്യാമോഹമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.