വിദ്യാഭ്യാസനയത്തിലെ ആശങ്കകൾ അകറ്റണം: മാർ പെരുന്തോട്ടം
Tuesday, August 4, 2020 12:20 AM IST
ചങ്ങനാശേരി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ രൂപപ്പെടുന്ന ആശങ്കകൾ അകറ്റണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ന്യൂനപക്ഷാവകാശങ്ങൾക്കു കോട്ടം വരാതെയും ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും തള്ളിക്കളയാത്ത രീതിയിലും വേണം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടതെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
വികേന്ദ്രീകരണത്തിന്റെ യുഗത്തിൽനിന്നു കേന്ദ്രീകൃത രീതിയിലേക്കു മാറുകയാണോയെന്ന് ആശങ്കയുണ്ടെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സഹായമെത്രാൻ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽമാരായ ഡോ. റൂബിൾ രാജ്, ഡോ.പി.സി. അനിയൻകുഞ്ഞ് എന്നിവർ പുതിയ വിദ്യാഭ്യാസ നയത്തെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത്, ഫാ. മനോജ് കറുകയിൽ, സിസ്റ്റർ ചെറുകുസുമം സിഎംസി, സിസ്റ്റർ ക്ലാരിസ് സിഎംസി, ഡോ. ഡൊമനിക് ജോസഫ്, അഡ്വ. ജോജി ചിറയിൽ, ഡോ. രേഖ മാത്യൂസ്, വി.ജെ. ലാലി, ആന്റണി മലയിൽ, ഡോ. മറീന, തോമസ് ജെ. മാന്തറ, ജാൻസണ് ജോസഫ്, ഷൈരാജ് വർഗീസ്, ജോമിൻ ജെ. വരാപ്പള്ളി, അലക്സാണ്ടർ കെ. വർഗീസ്, ഡോ. റൂബി സാജു, ലിനിമോൾ ആന്റണി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.