സ്വയംഭരണ കോളജുകളില്‍ പഠിച്ചിറങ്ങിയവരുടെ അക്കഡെമിക് മികവ് പരിശോധിക്കും
Thursday, May 16, 2019 12:34 AM IST
തിരുവനന്തപുരം: സ്വയംഭരണ കോളജുകളില്‍നിന്ന് പഠിച്ചിറങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാഥികളുടെ അക്കഡെമിക് നിലവാരം പരിശോധിക്കാന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സ്വയംഭരണ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാര പരിശോധനയ്ക്കുള്ള വിവരശേഖരണത്തിനു യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സ്വയംഭരണ കോളജുകള്‍ അനുവദിക്കുമ്പോള്‍ യുജിസി ലക്ഷ്യം വച്ചിരുന്നത് കുട്ടികളുടെ അക്കഡെമിക് നിലവാര ഉയര്‍ച്ചയാണ്.
2014ല്‍ സ്വയംഭരണ കോളജുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 2016 ല്‍ ആദ്യ ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും 2017ല്‍ ആദ്യബാച്ച് ബിരുദ വിദ്യാര്‍ഥികളും പഠിച്ചിറങ്ങി. ഇവരില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമായി, തുടര്‍പഠനങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ അവസരം ലഭിച്ചവര്‍ എത്ര, നെറ്റ്, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകള്‍ എത്രപേര്‍ നേടി തുടങ്ങിയവ വിവരങ്ങള്‍ ശേഖരിച്ചാണ് അക്കഡെമിക് ഗുണനിലവാര പരിശോധന നടത്തുക.
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമന കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. സ്വയംഭരണ കോളജുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മാനേജര്‍മാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുന്നതിന് അനുമതി വേണമെന്ന ആവശ്യവും ഉയര്‍ന്നു.
യോഗത്തില്‍ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിത വി. കുമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസ്, സ്വയംഭരണ കോളജ് മാനേജുമെന്റുകളുടെ കണ്‍സോര്‍ഷ്യം സെക്രട്ടറി ഫാ. റോയി ഏബ്രഹാം എന്നിവരും പങ്കെടുത്തു.