ടാറ്റ ഏറ്റെടുക്കുന്നതിനുമുന്പ് 22 വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലുണ്ടായിരുന്നത്. ഇന്നത് 88 ആയി. ഓരോ മാസവും നാല് പുതിയ വിമാനങ്ങള്‍ വീതം എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യ, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ 100 കടക്കുമെന്നാണ് പ്രതീക്ഷ.
2022ന്റെ തുടക്കത്തില്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ എണ്ണം 400 ശതമാനം വര്‍ധനിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 74 ല്‍നിന്ന് 171 ആയി ഉയര്‍ന്നിട്ടുണ്ട്. 2023 ഒക്ടോബറിലാണ് എയര്‍ലൈന്‍ ഏകീകൃത ബ്രാന്‍ഡായ എയര്‍ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചത്.