ലയണൽ മെസി വരുമോ... ഇല്ലയോ...?
Thursday, November 21, 2024 1:14 AM IST
കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ മൈക്കിനു മുന്നിലെത്തി ജഗതിശ്രീകുമാറിന്റെ ഡയലോഗ് ഇങ്ങനെ: “സൂപ്പർ സ്റ്റാർ മോഹൻലാൽ വരുമോ, ഇല്ലയോ...? വരില്ലേ...?” സമാനമായ ചോദ്യമാണ് ഇപ്പോൾ മലയാളികൾക്കിടയിലുള്ളത്.
ലയണൽ മെസി വരുമോ... ഇല്ലയോ...? കാരണം, കേരള സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു കഴിഞ്ഞു, ലയണൽ മെസിയുടെ അർജന്റീന വരുമെന്ന്... 2025ൽ സൗഹൃദ മത്സരത്തിനായി അർജന്റീന കേരളത്തിൽ എത്തുമെന്നാണ് അബ്ദുറഹ്മാന്റെ പ്രഖ്യാപനം.
ഇതു രണ്ടാംവട്ടമാണ് ലയണൽ മെസിയുടെ അർജന്റീന കേരളത്തിൽ കളിക്കുമെന്നു മന്ത്രി പറയുന്നത്. മന്ത്രി പറഞ്ഞാൽ പിന്നെന്ത്... ഉറപ്പിക്കാം അല്ലേ...? വേണമെങ്കിൽ അരമണിക്കൂർ മുന്‍പേ പുറപ്പെടാം എന്നായിരിക്കുമോ അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ നിലപാടെന്നുമാത്രമാണ് സ്ഥിരീകരിക്കപ്പെടേണ്ടത്. അപ്പോഴും ലയണൽ മെസി അർജന്റൈൻ സംഘത്തിൽ ഉണ്ടാകുമോ എന്നതിനു വ്യക്തതയില്ലെന്നതും വാസ്തവം...
അഞ്ച് മില്യണ്‍ ഡോളർ
2011ൽ അർജന്റീനയുടെ മത്സരത്തിന് ആതിഥേയത്വം വഹിച്ചതിന് എത്ര തുക ചെലവായി എന്നു വ്യക്തമല്ല. എന്നാൽ, അന്നത്തെ അർജന്റീനയല്ല ഇന്നുള്ളത്. ഫിഫ ലോക ഒന്നാം നന്പർ ടീം, 2014ൽ ലോകകപ്പ് ഫൈനൽ കളിച്ചു, 2022ൽ ലോകകപ്പ് നേടി. 2022ൽ കോണ്‍മെബോൾ-യുവേഫ കപ്പ് ഓഫ് ചാന്പ്യൻസ്, 2021, 2024 എഡിഷൻ കോപ്പ അമേരിക്ക ട്രോഫികൾ പലതായി മെസി സംഘത്തിന്.
ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റി കളിക്കാനെത്തുന്ന, അല്ലെങ്കിൽ ഏറ്റവും ഡിമാൻഡ് ഉള്ള ടീമാണ് അർജന്റീന. ചുരുങ്ങിയത് അഞ്ച് മില്യണ്‍ ഡോളർ, ഏകദേശം 42.17 കോടി രൂപയാണ് ടീം അർജന്റീന ഒരു പര്യടനം നടത്തുന്നതിനു കൈപ്പറ്റുന്നത്.
വന്നു, 2011ൽ
അങ്ങനെയങ്ങു പറഞ്ഞുകളയാതെ എന്ന് അർജന്റൈൻ ആരാധകർ. അതെന്തേ എന്നു ചോദിച്ചാൽ മറുപടി ഇത്: ലയണൽ മെസിയും അർജന്റീനയും 2011ൽ കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്. അന്ന് വെനസ്വേലയ്ക്കെതിരായ മത്സരത്തിൽ അർജന്റീന 1-0നു ജയിക്കുകയും ചെയ്തു. 14 വർഷത്തിനുശേഷം മെസിയും അർജന്റീനയും വീണ്ടും ഇന്ത്യയിലെത്തും, അതു കേരളത്തിലായിരിക്കുകയും ചെയ്യും...
ശരിയാണ്... 2011 സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ഏഴു മണിക്ക് ലയണൽ മെസിയുടെ അർജന്റീന കോൽക്കത്തയിൽ കളിച്ചു. 70-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡി നേടിയ ഗോളിൽ ജയിച്ചു. മത്സരം കാണാൻ ഗാലറിയിൽ തടിച്ചുകൂടിയത് 70,000 കാണികൾ. മെസിക്കൊപ്പം എയ്ഞ്ചൽ ഡിമരിയ, സെർജിയൊ അഗ്വെയ്റോ, ഗോണ്‍സാലോ ഹിഗ്വിൻ, ഹാവിയർ മഷ്ഹെരാനോ, ഓട്ടമെൻഡി തുടങ്ങിയ വൻതാരനിരയും അന്നുണ്ടായിരുന്നു.
മത്സരം ഒക്ടോബറിൽ, എതിർ ടീം ?
ഏഷ്യയിലെ മികച്ച ടീമുകളിൽ ഒന്നായിരിക്കും അർജന്റീനയുമായി സൗഹൃദം കളിക്കുക എന്നാണ് വിവരം. ഖത്തർ, ജപ്പാൻ ടീമുകളിൽ ഒന്നായിരിക്കും എതിരാളി എന്നും റിപ്പോർട്ടുണ്ട്. എതിരേ കളിക്കാൻ സാധ്യതയുള്ള ടീമുകളുടെ ഒരു ചുരുക്കപ്പട്ടിക അർജന്റീന ഫുട്ബോൾ അസോസിയേഷനു (എഎഫ്എ) കൈമാറുകയാണ് വേണ്ടത്. അതിൽനിന്ന് ഒരു ടീമിനെ അർജന്റീന തെരഞ്ഞെടുക്കും. ഇന്ത്യൻ ദേശീയ ടീമുമായി കളിക്കാനുള്ള സാധ്യത കുറവാണ്.
കാരണം, ഫിഫ റാങ്കിൽ ആദ്യ നൂറിനു പുറത്താണ് ഇന്ത്യ. 2025 ഒക്ടോബറിൽ ആയിരിക്കും അർജന്റീന കേരളത്തിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മലപ്പുറത്തു പണികഴിപ്പിക്കുന്ന പുതിയ സ്റ്റേഡിയം എന്നിവിടങ്ങളിലായി രണ്ടു മത്സരങ്ങൾ നടക്കുമെന്നും പറയപ്പെടുന്നു.
₹100 കോടി
അർജന്റീനയുടെ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ 100 കോടി രൂപ മുടക്കേണ്ടിവരുമെന്നാണ് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചത്. അതിൽ പകുതിയോളം അർജന്റൈൻ ടീം എത്തുന്നതിനുള്ള പ്രതിഫലമാണ്. എതിർ ടീമിനെയും പണം കൊടുത്തുവേണം എത്തിക്കാൻ. സുരക്ഷ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ കാര്യങ്ങൾക്കും വൻതുക മുടക്കേണ്ടിവരും. ഫുട്ബോളിന്റെ അടിത്തട്ടുമുതലുള്ള വികസനത്തിനായി ഈ തുക മുടക്കരുതോ എന്നു ചോദിക്കുന്ന വിമർശകരും ഉണ്ട്.