1658 കോടി ഇടപാടുകളുമായി റിക്കാർഡിട്ട് യുപിഐ
Friday, November 1, 2024 10:52 PM IST
ന്യൂഡൽഹി: യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റിക്കാർഡ്. കഴിഞ്ഞമാസം യുപിഐ വഴി 23.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന 1,658 കോടി ഇടപാടുകളാണ് നടന്നത്.
യുപിഐ സംവിധാനം ആരംഭിച്ച 2016നു ശേഷം ഒരു മാസം ഇത്രയും ഇടപാടുകൾ നടന്നത് ആദ്യമായാണെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
1504 കോടി ഇടപാടുകൾ നടന്ന സെപ്റ്റംബറിലെ റിക്കാർഡ് ആണ് പഴങ്കഥയായത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ജൂലൈയിലെ റിക്കാർഡ് ആണ് കഴിഞ്ഞമാസം തകർന്നത്. ജൂലൈയിൽ 20.64 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഇടപാടുകളാണ് നടന്നത്.
സെപ്റ്റംബറിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ ഒക്ടോബറിൽ 10 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഒക്ടോബറിൽ 14 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഓഗസ്റ്റിൽ 20.61 ലക്ഷം കോടി രൂപ മൂല്യം വരുന്ന 1,496 കോടി ഇടപാടുകളാണ് നടന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.