ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി
Thursday, November 28, 2024 1:54 AM IST
ബെയ്റൂട്ട്: ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിൽ നയതന്ത്രം വിജയം കാണുന്ന അപൂർവ സംഭവവുമായി ഇത്.
ബുധനാഴ്ച പുലർച്ചെ നാലിനു വെടിനിർത്തൽ പ്രാബല്യത്തിലായി. ഇസ്രേലി സേന രണ്ടു മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി തെക്കൻ ലബനനിൽനിന്നു പിന്മാറുമെന്ന്, വെടിനിർത്തൽ തീരുമാനം വൈറ്റ്ഹൗസിൽ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രേലി സേനയ്ക്കു പകരം ലബനീസ് സേന ഇവിടത്തെ നിയന്ത്രണം ഏറ്റെടുക്കും. മേഖലയിൽ ഹിസ്ബുള്ള ശക്തിപ്രാപിക്കില്ലെന്ന് ഉറപ്പുവരുത്തും.
സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കരാറാണിതെന്ന് ബൈഡൻ വ്യക്തമാക്കി. ഇസ്രയേലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള സാധ്യതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണങ്ങളെത്തുടർന്ന് തെക്കൻ ലബനനിൽനിന്നു പലായനം ചെയ്തവർ വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്നു സ്വദേശങ്ങളിലേക്കു മടങ്ങാനാരംഭിച്ചു. ഇസ്രേലി സേന പിന്മാറുന്നതുവരെ ജനങ്ങൾ അതിർത്തിഗ്രാമങ്ങളിലേക്കു മടങ്ങരുതെന്നു ലബനീസ് സേന ആവശ്യപ്പെട്ടു.
വെടിനിർത്തിയ ശേഷവും ഹിസ്ബുള്ള ഭീകരർ അതിർത്തിപ്രദേശങ്ങളിലെത്താൻ ശ്രമിച്ചതായി ഇസ്രയേൽ ഇന്നലെ ആരോപിച്ചു. ഇവർക്കു നേരേ ഇസ്രേലി സേന വെടിയുതിർത്തു.
ഈജിപ്തും ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനും വെടിനിർത്തലിനെ സ്വാഗതം ചെയ്തു. വെടിനിർത്തലുണ്ടായതോടെ ഇറാന്റെ ഭീഷണി നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ 2023 ഒക്ടോബർ ഏഴിനു പിറ്റേന്നാണു ലബനനിലെ ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയത്. ഇതേത്തുടർന്ന് അതിർത്തിപ്രദേശങ്ങളിലെ 60,000 ഇസ്രേലികളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.
ഈ വർഷം ഒക്ടോബർ ഒന്നിന് ഇസ്രേലി സേന ലബനനിൽ കരയാക്രമണം തുടങ്ങി. ഇസ്രേലി സേനയുടെ തിരിച്ചടിയിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള അടക്കം 3,823 പേർ കൊല്ലപ്പെടുകയും 15,859 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പത്തു ലക്ഷം ലബനീസ് പൗരന്മാർക്കു പലായനം ചെയ്യേണ്ടിവന്നു. തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലബനനിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
വെടിനിർത്തൽ ഗാസയിലും വേണമെന്ന് ഹമാസ്
കയ്റോ: ലബനനിലെ വെടിനിർത്തൽ ഗാസയിലെ വെടിനിർത്തലിനു വഴിയൊരുക്കുമെന്നു പ്രത്യാശിച്ച് ഹമാസ് ഭീകരസംഘടന. ഗാസയിൽ വെടിനിർത്തലിനു സന്നദ്ധമാണെന്നു ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തലിനുള്ള ഏതു ശ്രമങ്ങളിലും സഹകരിക്കും. ഗാസ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം.
ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറണം. ഗാസ നിവാസികൾക്ക് അവരുടെ സ്വദേശങ്ങളിൽ തിരിച്ചെത്താൻ കഴിയണം. ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം പലസ്തീൻ തടവുകാരെ ഇസ്രേലി ജയിലുകളിൽനിന്നു മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ സംരക്ഷണത്തിനായി ഇസ്രയേലുമായി വെടിനിർത്തലുണ്ടാക്കിയ ഹിസ്ബുള്ളയെയും ലബനീസ് സർക്കാരിനെയും മാനിക്കുന്നതായി ഹമാസ് നേതാവ് സമി അബു സുഹ്റി പറഞ്ഞു. ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവാണു വെടിനിർത്തലിനു തടസമെന്നും സുഹ്റി ആരോപിച്ചു.
ഗാസയിൽ വെടിനിർത്തലിനു ശ്രമം തുടരുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.