ശാപമോഷം കാത്ത് ചമ്പക്കര പള്ളിപ്പടി- തൊമ്മച്ചേരി റോഡ്
1478054
Sunday, November 10, 2024 7:32 AM IST
കറുകച്ചാൽ: അധികൃതർ കണ്ണുതുറന്നാൽ ഞങ്ങളുടെ റോഡിനു ശാപമോഷം കിട്ടുമെന്ന് നാട്ടുകാർ. ചമ്പക്കര പള്ളിപ്പടി -തൊമ്മച്ചേരി റോഡിലൂടെ സഞ്ചരിക്കുന്നവരാണ് അധികൃതർ കണ്ണുതുറക്കുന്നതും കാത്തിരിക്കുന്നത്. ചങ്ങനാശേരി -വാഴൂർ റോഡിനെ കോട്ടയം - കോഴഞ്ചേരി റോഡുമായി ബന്ധിപ്പിക്കുന്ന കറുകച്ചാൽ പഞ്ചായത്തിലെ പ്രധാന റോഡാണിത്. ഈ റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇതു പുനരുദ്ധരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടും ഇത് സഞ്ചാരയോഗ്യമാക്കുന്നതിന് ആരും നടപടികൾ സ്വീകരി ക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. കറുകച്ചാൽ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരപാതയാണിത്. റോഡിനിരുവശവും മതിലും കൈയാലകളുമുള്ളതിനാൽ മഴവെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതിനാൽ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇവിടെ ഓടകൾ നിർമിച്ച് ആധുനിക രീതിയിൽ റോഡ് പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ തകർച്ച മൂലം കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. റോഡിന്റെ തകർച്ച പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.